തോട്ടിലെ വെള്ളത്തില്‍ കുളിച്ചപ്പോള്‍ മൂക്കിലൂടെ തലച്ചോറില്‍; തലച്ചോര്‍ കാര്‍ന്ന് തിന്നുന്ന അമീബിയാല്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

Friday, July 7, 2023

ആലപ്പുഴ: പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് ബാധിച്ചു പതിനഞ്ചുകാരൻ മരിച്ചു. 15 വയസ് പ്രായമുള്ള പാണാവള്ളി സ്വദേശിയായ കുട്ടിയിലാണ് രോഗബാധ ഉണ്ടായത് . പാണാവള്ളി കിഴക്കേ മായിത്തറ അനില്‍ കുമാറിന്‍റെയും ശാലിനിയുടെയും മകന്‍ ഗുരുദത്താണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. തോട്ടിലെ വെള്ളത്തില്‍ കുളിച്ചപ്പോള്‍ ബ്രെയിന്‍ ഈറ്റിങ്ങ് അമീബിയ  മൂക്കിലൂടെ തലച്ചോറിലെത്തിരിക്കാമെന്നാണ് കരുതുന്നത്.

മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരാൻ കാരണമാകുന്നതിനാൽ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. പനി തലവേദന, ഛർദി അപസ്മാരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. 2017ൽ ആലപ്പുഴ നഗരസഭയില്‍ റിപ്പോർട്ട് ചെയ്ത രോഗം അതിന് ശേഷം ആദ്യമായാണ് കണ്ടെത്തുന്നത്. പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലോ നേർത്ത തൊലിയിലൂടെ മനുഷ്യ ശരീരത്തിലോ കടക്കുക വഴി തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എൻകഫ ലൈറ്റിസ് ഉണ്ടാക്കാനിടയാക്കുന്നത്.