മുക്കം ഐഎച്ച്ആർഡി കോളേജിൽ റാഗിംഗിന്‍റെ പേരിൽ സംഘർഷം; 5 വിദ്യാർത്ഥികള്‍ക്ക് പരിക്ക്

Jaihind Webdesk
Monday, November 22, 2021

 

കോഴിക്കോട് :  മുക്കം ഐഎച്ച്ആർഡി കോളേജിൽ റാഗിംഗിന്‍റെ പേരിൽ സംഘർഷം. 5 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മുക്കം പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് ഉച്ചയോടെയാണ് ഒരു സംഘം വിദ്യാർത്ഥികൾ ഐഎച്ച്ആർഡി കോളേജിന് മുമ്പിൽ വന്നു സംഘർഷം ഉണ്ടാക്കിയത്. മൂന്നാം വർഷ വിദ്യാർത്ഥികൾ പുറത്തു നിന്നും ആളെ കൂട്ടി തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് മർദ്ദനമേറ്റ വിദ്യാർത്ഥികൾ പറഞ്ഞു. മർദ്ദനത്തിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥികളായ
ഷെനിജിൻ, അമൽ, ദിൽഷാദ്, അനിരുദ്ധൻ ആകാശ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ മുക്കം ഹെൽത്ത്‌ സെന്‍ററിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച രണ്ടാം വർഷ വിദ്യാർത്ഥിയോട് മൂന്നാം വർഷ വിദ്യാർത്ഥികൾ പാട്ടുപാടാൻ പറഞ്ഞ് റാഗിംഗ് ചെയ്തിരുന്നു. അതിന്‍റെ പേരിൽ അന്ന് സംഘർഷം ഉണ്ടായി. റാഗിംഗ് സംബന്ധിച്ച് പരാതി ലഭിച്ചുണ്ടെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. എന്നാൽ മൂന്നാം വർഷ വിദ്യാർത്ഥികൾക്ക് ഇപ്പോള്‍ സ്റ്റഡി ലീവാണ്. ഡിസംബർ മൂന്നിനാണ് അവർക്ക് റെഗുലർ ക്ലാസ് തുടങ്ങുക. അന്നേ ദിവസം രണ്ടു കൂട്ടരെയും വിളിച്ചു പരാതി കേൾക്കാൻ ഇരിക്കെയാണ് ഇന്നത്തെ സംഘർഷം ഉണ്ടായതെന്നും റിപ്പോർട്ട് മേലധികാരികൾക്ക് അയച്ചിട്ടുണ്ടെന്നും പ്രിൻസിപ്പൽ അറിയിച്ചു.