Thamarassery| താമരശ്ശേരി കട്ടിപ്പാറയില്‍ സംഘര്‍ഷം: മാലിന്യ ഫാക്ടറിക്ക് തീയിട്ടു; റൂറല്‍ എസ്.പി. ഉള്‍പ്പെടെ നിരവധി പൊലീസുകാര്‍ക്ക് പരിക്ക്

Jaihind News Bureau
Tuesday, October 21, 2025

താമരശ്ശേരി: താമരശ്ശേരി കട്ടിപ്പാറയില്‍ കോഴി അറവുമാലിന്യ സംസ്‌കരണ ഫാക്ടറിക്കെതിരെ നടന്ന ജനകീയ പ്രതിഷേധം അക്രമാസക്തമായി. ഫ്രഷ്‌കട്ട് മാലിന്യ സംസ്‌കരണ ഫാക്ടറിക്ക് സമരക്കാര്‍ തീയിടുകയും പൊലീസിനുനേരെ കല്ലേറ് നടത്തുകയും ചെയ്തു. സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി പോലീസ് നിരവധി തവണ കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.

സമരക്കാരുടെ കല്ലേറില്‍ താമരശ്ശേരി സി.ഐ. സായൂജ് അടക്കമുള്ള പൊലീസുകാര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് റൂറല്‍ എസ്.പി. ഉള്‍പ്പെടെ നിരവധി പൊലീസുകാര്‍ക്കും പ്രതിഷേധക്കാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്.

പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് അരങ്ങേറിയത്. ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നാട്ടുകാര്‍ നേരത്തെ തന്നെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഈ പ്രതിഷേധമാണ് ഇന്ന് അക്രമാസക്തമായത്.

പ്രതിഷേധത്തിനിടെ സമരക്കാര്‍ ഫ്രഷ്‌കട്ട് കോഴി അറവുമാലിന്യ സംസ്‌കരണ ഫാക്ടറിക്ക് തീയിട്ടു. തീ ആളിപ്പടര്‍ന്നെങ്കിലും, തീ അണയ്ക്കുന്നതിനായി എത്തിയ ഫയര്‍ഫോഴ്സ് വാഹനങ്ങളെ സമരക്കാര്‍ വഴിയില്‍ തടഞ്ഞതിനാല്‍ തീ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. ഫാക്ടറിയുടെ മാലിന്യ സംസ്‌കരണ വാഹനത്തിനും സമരക്കാര്‍ തീയിട്ടു നശിപ്പിച്ചു.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി ഉത്തരമേഖലാ ഐ.ജി. താമരശ്ശേരിയില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.