കണ്ണൂരിൽ സിപിഎം പ്രവർത്തകർ തമ്മിൽ വീണ്ടും സംഘർഷം; പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു

Jaihind News Bureau
Tuesday, November 24, 2020

കണ്ണൂർ അഴിക്കലിൽ സിപിഎം പ്രവർത്തകർ തമ്മിൽ വീണ്ടും സംഘർഷം. കഴിഞ്ഞ ദിവസം വെട്ടേറ്റ ചാലാട് തെക്കൻ മണലിലെ അർജുൻ ആയങ്കിയുടെ വീടിന് നേരെ അക്രമം. വീട് പൂർണമായും അടിച്ചു തകർത്തു.

സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകരാണ് സിപിഎമ്മുകാരനായ അർജുന്റെ വീടിന് നേരെ അക്രമം നടത്തിയതെന്ന് അർജ്ജുവിൻ്റെ ബന്ധുക്കൾ പറഞ്ഞു. പ്രദേശത്ത് സി പി എം പ്രവർത്തകർ തമ്മിലുണ്ടായ വാക്ക് തർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പരസ്പരം ഏറ്റുമുട്ടൽ ആരംഭിച്ചത്. കാറിൽ സഞ്ചരിക്കുകയായിരുന്ന അർജ്ജുനെയും, സുഹൃത്ത് നിഖിലിനെയും ബൈക്കിലെത്തിയ സംഘം അക്രമിച്ചിരുന്നു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനെ തുടർന്ന് മറ്റൊരു സി പി എം പ്രവർത്തകനായ ശ്യാകുമാറിൻ്റെ വീടിന് നേരെ അക്രമം നടന്നിരുന്നു.

ഇതിനെ തുടർന്നാണ് ഇന്ന് രാവിലെ അർജ്ജുവിൻ്റെ വീട് ആക്രമിക്കുന്നത്. അക്രമികൾ വീട്ടുപകരണങ്ങൾ പൂർണമായും അടിച്ചു തകർത്തു. അക്രമം നടക്കുമ്പോൾ വീട്ടുകാർ ആരും സ്ഥലത്ത് ഉണ്ടായിരുന്നില്ല. പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.