കോഴിക്കോട് മിഠായിത്തെരുവിൽ ജിഎസ്ടി റെയ്ഡിനിടെ സംഘർഷം. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ
കച്ചവടക്കാർ കടയിൽ പൂട്ടിയിട്ടു. തുടർന്ന് ഉദ്യോഗസ്ഥരും കച്ചവടക്കാരും തമ്മിൽ സംഘർഷം ഉണ്ടായി. അതേസമയം ഏകദേശം 27 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
മിഠായിതെരുവിൽ ജിഎസ്ടി ഇന്‍റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ അശോകന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. 27 കോടിയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും 25 ഓളം കടകളുടെ പേരില്‍ നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടെന്നും ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി.
പള്ളിയിൽ പോകാൻ സമയമായി എന്നും പോയി വന്നിട്ട് പരിശോധന നടത്താമെന്നും കച്ചവടക്കാർ പറഞ്ഞത് ഉദ്യോഗസ്ഥർ അംഗീകരിക്കാൻ തയാറാകാത്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഇതിനെ തുടർന്ന് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ കച്ചവടക്കാർ കടയിൽ പൂട്ടിയിടുകയായിരുന്നു. അതേസമയം നിയമപരമായിട്ടുള്ള എല്ലാ കാര്യങ്ങളും അംഗീകരിക്കും എന്ന് പിന്നീട് വ്യാപാരികൾ പറഞ്ഞു. കോടികളുടെ നികുതിവെട്ടിപ്പ് ആണ് ജിഎസ്ടി ഉദ്യോഗസ്ഥരുടെ പരിശോധനയിലൂടെ പുറത്തുവന്നിരിക്കുന്നത്.