മാനവീയം വീഥിയില്‍ യുവാക്കളുടെ കൂട്ടത്തല്ല്; തല്ലിനിടെ ഡാന്‍സ് ചെയ്ത് ആഘോഷിച്ച് ഒരു സംഘം: നൈറ്റ് ലൈഫ്

Jaihind Webdesk
Saturday, November 4, 2023

 

തിരുവനന്തപുരം: നൈറ്റ് ലൈഫിന് തുറന്നുകൊടുത്ത തിരുവന്തപുരം മാനവീയം വീഥിയിൽ കൂട്ടത്തല്ല്. ഇന്നലെ രാത്രിയാണ് യുവാക്കൾ സംഘം ചേർന്ന് തമ്മിലടിച്ചത്. ഡാൻസ് കളിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. യുവാവിനെ നിലത്തിട്ട് മർദ്ദിക്കുന്നതിനിടെ എതിർസംഘം നൃത്തം ചെയ്ത് ആഘോഷിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കൂട്ടത്തല്ല് നടന്നെങ്കിലും പരാതി ലഭിക്കാത്തതിനാൽ ഇനിയും പോലീസ് കേസെടുത്തിട്ടില്ല.

ഇന്നലെ രാത്രിയാണ് കേരളീയം വേദിയായ നവീകരിച്ച മാനവീയം വീഥിയില്‍ കൂട്ടത്തല്ല് നടന്നത്. പൂന്തുറ സ്വദേശിയായ ഒരു യുവാവിനെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് നിലത്തിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഡാന്‍സ് കളിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ നിലവില്‍ സംഭവത്തില്‍ ഇതുവരെയും പൂന്തുറ സ്വദേശിയുടെ പരാതി ലഭിച്ചിട്ടില്ലെന്നും സംഘര്‍ഷത്തിന് ഇടയാക്കിയ സാഹചര്യം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു. യുവാവിനെ നിലത്തിട്ട് മര്‍ദ്ദിക്കുന്നതിനിടെ എതിര്‍സംഘം നൃത്തം ചെയ്ത് ആഘോഷിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഡാന്‍സ് കളിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് തല്ലില്‍ കലാശിച്ചതെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മാനവീയം വീഥിയില്‍ നൈറ്റ് ലൈഫ് ആരംഭിച്ചതിന് പിന്നാലെ ഇവിടെ ചെറുതും വലുതുമായ സംഘര്‍ഷങ്ങള്‍ പലപ്പോഴായി നടക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു.