
കൊച്ചി: എന്‍ഡിഎ സഖ്യം വിട്ട് യുഡിഎഫിന്റെ ഭാഗമായതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ആദിവാസി നേതാവും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷയുമായ സി കെ ജാനു. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനുള്ള മനസ്സ് യുഡിഎഫിനുണ്ടെന്നും ജനാധിപത്യ മര്യാദകള്‍ പാലിക്കുന്ന ഇത്തരം ഒരു പ്രസ്ഥാനത്തിനൊപ്പം നില്‍ക്കുകയാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും അവര്‍ പറഞ്ഞു. കൊച്ചിയില്‍ നടന്ന യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് മുന്നണിയില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് സി കെ ജാനു വ്യക്തമാക്കി. ‘ആളുകളെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് യുഡിഎഫിന്റേത്. മുത്തങ്ങ സംഭവത്തിന് ശേഷം ആ പ്രസ്ഥാനം 283 കുടുംബങ്ങള്‍ക്ക് വീട് നല്‍കി പുനരധിവസിപ്പിച്ചത് വലിയ കാര്യമാണ്. ഇത്തരം ജനപക്ഷ നിലപാടുകള്‍ കാരണമാണ് യുഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്,’ ജാനു പറഞ്ഞു. അതേസമയം ഒരു മുന്നണി എന്ന നിലയില്‍ എന്‍ഡിഎക്കൊപ്പം നിന്നിട്ട് യാതൊരു വിധ പരിഗണനയും ലഭിച്ചില്ലെന്നും സി കെ ജാനു കൂട്ടിച്ചേര്‍ത്തു.