ASHA WORKERS PROTEST| ക്രെഡിറ്റെടുക്കാന്‍ സിഐടിയു; ‘ആശ സമരത്തെ അവഹേളിച്ച സര്‍ക്കാരിന് വോട്ടില്ല’ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രചരണത്തിനിറങ്ങാന്‍ ആശമാര്‍

Jaihind News Bureau
Friday, October 31, 2025

നാമ മാത്രമായി വര്‍ദ്ധിപ്പിച്ച ആശമാരുടെ ഓണറേറിയത്തിന്റെ ക്രെഡിറ്റ് എടുക്കുവാന്‍ സര്‍ക്കാര്‍ വിലാസം സംഘടനയായ സിഐടിയു. 265 ദിവസം സെക്രട്ടറിയേറ്റിനു മുന്നില്‍ അതിജീവന പോരാട്ടം നടത്തി ആശമാര്‍ നേടിയ 1000 രൂപയുടെ ഓണറേറിയം വര്‍ദ്ധനയുടെ ക്രെഡിറ്റ് പോലും ഇവര്‍ക്ക് നല്‍കില്ലെന്ന നിലപാടിലാണ് സിഐടിയു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമൊക്കെ അഭിവാദ്യമര്‍പ്പിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ ആഹ്ലാദപ്രകടനം നടത്തുവാന്‍ ഒരുങ്ങുകയാണ് സിഐടിയു. അതിജീവന പോരാട്ടം തുടരുന്ന ആശമാര്‍ നാളെ സമരവേദിയില്‍ പ്രതിജ്ഞ റാലിയും തുടര്‍ സമരപരിപാടികളും പ്രഖ്യാപിക്കും. ആശ സമരത്തെ അവഹേളിച്ച സര്‍ക്കാരിന് വോട്ടില്ല എന്ന മുദ്രാവാക്യവുമായി പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് ഇറങ്ങുകയാണ് ആശ പ്രവര്‍ത്തകര്‍.

സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിക്കാന്‍ തന്നെയാണ്് ആശാപ്രവര്‍ത്തകരുടെ തീരുമാനം. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരവുമായി മുന്നോട്ടെന്ന് സമരക്കാര്‍ വ്യക്തമാക്കി. സമരം എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്നതിലുള്ള തീരുമാനം നാളെയുണ്ടാകും.