കെഎസ്ആർടിസി സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകളുടെ ഉദ്ഘാടനം നാളെ; തടയുമെന്ന് സിഐടിയു

Jaihind Webdesk
Sunday, July 31, 2022

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ നാളെ ഉദ്ഘാടനം ചെയ്യാനിരിക്കെ പ്രതിഷേധവുമായി സിഐടിയു. അടുത്ത ദിവസം ഉദ്ഘാടനം ചെയ്യുന്ന ഇലക്ട്രിക് ബസുകള്‍ തടയുമെന്ന് സിഐടിയു വ്യക്തമാക്കി. ഇലക്ട്രിക് ബസുകള്‍ കെ-സ്വിഫ്റ്റിന് നല്‍കാനുള്ള നീക്കത്തില്‍നിന്ന് മാനേജ്‌മെന്‍റ് പിന്തിരിയണമെന്ന് ഇന്നു നടന്ന ചര്‍ച്ചയില്‍ സിഐടിയു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാത്തതിനെ തുടർന്നാണ്  ബസുകള്‍ തടഞ്ഞ് പ്രതിഷേധിക്കുമെന്ന് സിഐടിയു വ്യക്തമാക്കിയത്.

ഇന്നു ചേർന്ന യോഗത്തില്‍ ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് പത്താം തീയതിക്കുള്ളില്‍ ജൂലൈ മാസത്തെ ശമ്പളം നല്‍കുമെന്നും സിഎംഡി ബിജു പ്രഭാകർ ഉറപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് ചർച്ച ബഹിഷ്‌കരിച്ചിരുന്നു. ശമ്പളം ലഭിക്കാതെ ചര്‍ച്ചയ്ക്ക് തയാറല്ല എന്ന് വ്യക്തമാക്കിയാണ് ചര്‍ച്ച ബഹിഷ്‌കരിച്ചത്.അതേസമയം നാളെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കെ ഭരണാനുകൂല സംഘടനയുടെ പ്രതിഷേധം സർക്കാരിന് മറ്റൊരു തിരിച്ചടിയായി. ബിഎംഎസും നാളത്തെ ഉദ്ഘാടന പരിപാടി ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരത്ത് ബസുകൾ പരീക്ഷണ ഓട്ടം തുടങ്ങിയിരുന്നു. 14 ബസുകളാണ് തലസ്ഥാനത്ത് ഇന്ന് യാത്രക്കാരുമായി സർവീസ് നടത്തുന്നത്. ഇന്നലെയും ബസുകൾ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തേയും ബസ് സ്റ്റാന്‍ഡിനേയും റെയിൽവേ സ്റ്റേഷനേയും ബന്ധിപ്പിക്കുന്ന എയർ-റെയിൽ സർക്കുലർ സർവീസിനും നാളെ തുടക്കമാകും. വിമാനത്താവളത്തിലെ ഡൊമസ്‌റ്റിക്‌, ഇന്‍റർനാഷണൽ ടെർമിനലുകളും തമ്പാനൂർ ബസ്‌ സ്‌റ്റേഷനും സെൻട്രൽ റെയിൽവേ സ്‌റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് എയർ–റെയിൽ സർക്കുലർ സർവീസ്‌. അരമണിക്കൂർ ഇടവിട്ട് ബസുകൾ സർവീസ് നടത്തും. രണ്ട് ബസുകളായിരിക്കും ഈ സർവീസ് നടത്തുക.

തലസ്ഥാനത്ത് 64 ബസുകളാണ് നിലവിൽ സർക്കുലർ സർവീസ് നടത്തുന്നത്. ഈ ബസുകളിൽ 23 എണ്ണത്തിന് പകരം ഇലക്ട്രിക് ബസുകൾ നിരത്തിലെത്തും. കൂടുതൽ ബസുകളെത്തുന്ന മുറയ്ക്ക്  ജൻറം ബസുകൾ പിൻവലിക്കാനാണ് തീരുമാനം. നിലവിൽ സിറ്റി സർവീസ് നടത്തുന്ന ബസുകൾക്ക് കിലോമീറ്റിന് 37 രൂപയാണ് ചെലവെങ്കിൽ ഇലക്ട്രിക് ബസുകളെത്തുന്നതോടെ അത് പകുതിയായി കുറയും. ഇലക്ട്രിക് ബസുകൾ ചാർജ് ചെയ്യാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. പാപ്പനംകോട്ടെ സെൻട്രൽ വർക്ക‍്‍ഷോപ്പ്, വികാസ് ഭവൻ ഡിപ്പോ എന്നിവിടങ്ങളിൽ നിലവിൽ ചാർജിംഗിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പേരൂർക്കടയിലെ ചാർജിംഗ് സ്റ്റേഷൻ നാളെ പ്രവർത്തന സജ്ജമാകും. രണ്ട് മണിക്കൂർ ചാർജ് ചെയ്താൽ 120 കിലോമീറ്റർ സർവീസ് നടത്താൻ ശേഷിയുള്ള ബസുകളാണ് എത്തിച്ചിട്ടുള്ളത്. ഫുൾ ചാര്‍ജിൽ 175 കിലോമീറ്റര്‍ ഓടും. 27 പേർക്ക് ഇരുന്ന് യാത്ര ചെയ്യാം.