സിഐടിയു ഭീഷണി; കേരളം വിടാന്‍ നിർബന്ധിതനായി സംരംഭകന്‍

Jaihind Webdesk
Sunday, February 19, 2023

 

കണ്ണൂർ:  സിഐടിയു ഭീഷണിയെ തുടർന്ന് സംസ്ഥാനം വിടേണ്ട ഗതികേടില്‍ സംരംഭകന്‍. കണ്ണൂർ മാതമംഗലത്ത് തുടങ്ങാനിരുന്ന സംരംഭം ചിക്കമംഗളുരുവിലേക്ക് മാറ്റാന്‍ ഒരുങ്ങുകയാണ് ശ്രീപോർക്കലി സ്റ്റീൽസ് ഉടമ ടി.വി മോഹൻലാൽ. ഇദ്ദേഹത്തിന്‍റെ സഹോദരന് സിഐടിയു ചുമട്ടുതൊഴിലാളികളുടെ  മർദ്ദനം ഏറ്റിരുന്നു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പോലീസ് സംരക്ഷണം ലഭിക്കുന്നില്ലെന്നും മോഹന്‍ലാല്‍ പരാതിപ്പെടുന്നു.

സിഐടിയുവിന്‍റെ ഭീഷണി കാരണം സ്ഥാപനത്തിന്‍റെ പ്രവർത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നില്ല. 2020ലാണ് മാതമംഗലത്ത് സ്ഥാപനം ആരംഭിച്ചത്. എന്നാല്‍ ഇതുവരെ ഒരു ലോഡ് മാത്രമാണ് ഇറക്കാന്‍ സാധിച്ചത്. ഹൈക്കോടതിയിൽനിന്ന് അനുകൂല ഉത്തരവുണ്ടായിട്ടും പോലീസ് സംരക്ഷണം ലഭിച്ചില്ല. രണ്ടര വർഷമായി വാടക നല്‍കിക്കൊണ്ടിരിക്കുകയാണ്. ശ്രീപോർക്കലിയിലേക്ക് എത്തുന്ന ലോഡുകള്‍ പിലാത്തറയിൽ വെച്ച് സിഐടിയു ചുമട്ടുതൊഴിലാളികൾ തടയുകയാണെന്ന് മോഹന്‍ലാല്‍ പറയുന്നു. ഇനിയും മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയായതിനാലാണ് ചിക്കമംഗളുരുവിലേക്ക് മാറാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം സിഐടിയു തൊഴിലാളികൾ സഹോദരൻ ടി.വി ബിജുലാലിനെ മർദിക്കുകയും കൂടി ചെയ്ത സാഹചര്യത്തിലാണ് മാതമംഗലത്തെ സംരംഭം ഉപേക്ഷിക്കാന്‍ നിർബന്ധിതനാകുന്നത്.