കോഴിക്കോട് ചെറുവണ്ണൂരിലെ ടൈൽ ഫാക്ടറിയിൽ തൊഴിലാളികളെ പട്ടിണിക്കിട്ടു സിഐടിയു ഭാരവാഹികളായ ബോർഡ് ഡയറക്ടർമാരുടെ പ്രതികാരം. കമ്പനി ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഡയറക്ടർമാരെ മാറ്റണമെന്നാവശ്യപെട്ടു നോട്ടീസ് നൽകിയതിന്റെ പേരിൽ ഇല്ലാത്ത ബാധ്യത കാണിച്ചു നാല് മാസമായി തൊഴിലാളികൾക്ക് ശമ്പളം നൽകിയിട്ടില്ല.
100 വർഷത്തോളം പഴക്കമുള്ള കോഴിക്കോട് ചെറുവണ്ണൂരിലെ സ്റ്റാൻഡേർഡ് ടൈൽ ആൻഡ് ക്ലെ വർക്സ് എന്ന സ്ഥാപനത്തിലെ തൊഴിലാളികളാണ് ദുരിതം അനുഭവിക്കേണ്ടി വരുന്നതു. 12 ഏക്കറോളം വരുന്ന സ്വന്തം സ്ഥലത്തു പ്രവർത്തിച്ചു വരുന്ന സ്ഥാപനം നടത്തുന്നത് സിഐടിയു ഭാരവാഹികൾ കൂടിയായ ഡയറക്ടർമാരാണ്. സ്ഥാപനം ഇല്ലാതാക്കി റിസോർട് പണിയണമെന്ന സിപിഎം അജണ്ട മുൻനിർത്തി ഡയറക്ടർമാർ പ്രവർത്തിച്ചു തുടങ്ങിയപ്പോൾ ഡയറക്ടർമാരെ മാറ്റണമെന്നാവശ്യപെട്ട് ഫാക്ടറിയിലെ 200 ഓളം തൊഴിലാളികൾ നോട്ടീസ് നൽകി. ഇതിന്റെ പ്രതികാര നടപടിയായി കഴിഞ്ഞ 3 മാസമായി തൊഴിലാളികൾക്ക് ശമ്പളം നൽകുന്നില്ല.
25 വർഷത്തിലധികമായി ഫാക്ടറിയിൽ ജോലി ചെയ്തു വരുന്നവരാണ് ഭൂരിഭാഗം തൊഴിലാളികളും. ഓണത്തിനോ വിഷുവിനോ യാതൊരു ആനുകൂല്യവും നൽകാറില്ല. കഴിഞ്ഞ നാലര വർഷമായി പിഎഫ് അടച്ചിട്ടില്ല. ലോക് ഡൌൺ പ്രഖ്യാപിക്കുക കൂടി ചെയ്ത ഇത്തവണത്തെ വിഷുവിനു പട്ടിണി കിടക്കേണ്ടി വന്നത് ആയിരത്തോളം വരുന്ന തൊഴിലാളി കുടുംബങ്ങളാണ്. വിഷയത്തിൽ ഇടപെടണം എന്നാവശ്യപെട്ട് മുഖ്യമന്ത്രിക്കും ലേബർ തൊഴിലാളി ഡിപ്പാർട്മെന്റിനും ഉൾപ്പെടെ നിരവധി തവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.