‘സിഐറ്റിയു കരിങ്കാലി പണി ഏറ്റെടുത്തിരിക്കുകയാണ്, കരിങ്കാലികളുടെ നേതാവായി എം വി ഗോവിന്ദന്‍ മാറി’ -എം.എം ഹസന്‍

Jaihind News Bureau
Monday, March 24, 2025

മനുഷ്യത്വം അവശേഷിക്കുന്നെങ്കില്‍ സര്‍ക്കാര്‍ ഈ അതിജീവന സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ച നടത്തണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റിനു മുന്നിലെ സമരവേദിയില്‍ കൂട്ട ഉപവാസവുമായി അതിജീവന സമരം ശക്തമാക്കിയ ആശാ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യമായിട്ടാണ് എം.എം.ഹസന്‍ പ്രതികരിച്ചത്.

അതിജീവനത്തിനായി ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ പൊരുതുന്ന ആശാമാരുടെ രാപ്പകല്‍ സമരം 43 ആം ദിനത്തിലേക്കും നിരാഹാര സതൃഗ്രഹം അഞ്ചാം ദിനത്തിലേക്കും കടന്നതോടെയാണ് സമരസമിതി സമരം കൂടുതല്‍ ശക്തമാക്കിയത്.
നിരാഹാര സമരം തുടരുന്ന ആശ പ്രവര്‍ത്തകര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് സമരവേദിയില്‍ ആശാപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും കൂട്ട ഉപവാസവുമായി ശക്തമായ പ്രതിഷേധമുയര്‍ത്തി. സാമൂഹ്യ പ്രവര്‍ത്തക ഡോ. പി ഗീത ഓണ്‍ലൈന്‍ വഴി സമരം ഉദ്ഘാടനം ചെയ്തു. സമരവേദിയില്‍ എത്തിച്ചേരാന്‍ കഴിയാത്ത ആശാവര്‍ക്കര്‍മാര്‍ വിവിധ ജില്ലകളിലെ സെന്ററുകളിലും പ്രത്യേക കേന്ദ്രങ്ങളിലും ഉപവാസമനുഷ്ടിച്ചു. സമരത്തിന് പിന്തുണയുമായി വീടുകളിലും സ്ത്രീകള്‍ ഉപവാസമനുഷ്ഠിച്ചു.

ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ സിഐറ്റിയു കരിങ്കാലി പണി ഏറ്റെടുത്തിരിക്കുകയാണെന്നും കരിങ്കാലികളുടെ നേതാവായി എം വി ഗോവിന്ദന്‍ മാറിയെന്നും എം എം ഹസ്സന്‍ കുറ്റപ്പെടുത്തി. സമരം ഒത്തുതീര്‍പ്പാക്കാത്ത സര്‍ക്കാരിന്റെ നിഷേധ നിലപാടിനെ സമരവേദിയില്‍ എത്തിയ ഷാനി മോള്‍ ഉസ്മാനും കടന്നാക്രമിച്ചു. അങ്കണവാടി ജീവനക്കാരുടെ
രാപ്പകല്‍ സമരം എട്ടാം ദിനവും സെക്രട്ടറിയേറ്റിനു മുന്നില്‍ തുടരുകയാണ്. വടക്കന്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ അണിനിരന്ന ഇന്നത്തെ രാപ്പകല്‍ സമരം യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ ഉദ്ഘാടനം ചെയ്തു.