നോക്കുകൂലിക്ക് ലോക്കില്ല ; ദുരിതകാലത്തും കൊള്ള തുടര്‍ന്ന് സിഐടിയു ; കൊവിഡ് പരിശോധനാ ഉപകരണം ഇറക്കാന്‍ ചോദിച്ചത് 16,000 രൂപ

 

ആലപ്പുഴ : കൊവിഡ് പരിശോധനാ ഉപകരണം ഇറക്കാന്‍ 16,000 രൂപ ചോദിച്ച് സിഐടിയു. ട്രൂനാറ്റ് ലബോറട്ടറിയിലേക്കെത്തിച്ച ബയോസേഫ്റ്റി കാബിനറ്റ് ഇറക്കാനാണ് യൂണിയന്‍ അമിതകൂലി ആവശ്യപ്പെട്ടത്. തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നടന്ന തര്‍ക്കം ഒത്തുതീര്‍പ്പാക്കാത്തതോടെ ഡോക്ടറും ജീവനക്കാരും ചേര്‍ന്നാണ് ഉപകരണം ലോറിയില്‍ നിന്നിറക്കുകയും ചുമന്ന് മുകള്‍ നിലയിലെത്തിക്കുകയും ചെയ്തത്.

225 കി.ഗ്രാം ഭാരമുള്ള കാബിനറ്റ് ലോറിയില്‍ നിന്നിറക്കാന്‍ 6000രൂപയും മുകള്‍നിലയിലെത്തിക്കാനുള്ള ക്രെയിന്‍ വാടകയായി 10,000 രൂപയുമാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ക്രെയിന്‍ ഉപയോഗിക്കാതെ തന്നെ ആശുപത്രി ജീവനക്കാര്‍ കാബിനറ്റ് മുകളിലെത്തിച്ചു. മുംബൈയില്‍ നിന്ന് കാബിനറ്റ് എത്തിച്ചവര്‍ ആദ്യം 3000 രൂപയും ഒടുവില്‍ 9000 രൂപയും വാഗ്ദാനം ചെയ്‌തെങ്കിലും തൊഴിലാളികള്‍ അംഗീകരിച്ചില്ല.

സിഐടിയു പ്രവർത്തകർ അമിതകൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരത്തും കൊവിഡ് വാക്സിന്‍ ക്യാരിയർ ബോക്സുകള്‍ ഇറക്കാനായിരുന്നില്ല. തിരുവനന്തപുരം ടിബി സെന്‍ററില്‍ വന്ന 345 വാക്സിൻ ക്യാരിയർ ബോക്സുകള്‍ക്ക് 50 രൂപ വീതമാണ് പ്രവർത്തകർ ആവശ്യപ്പെട്ടത്.

ഇതോടെ ഡൽഹിയിൽ നിന്നും ക്യാരിയർ ബോക്സുകളുമായെത്തിയ കണ്ടെയ്നർ ലോഡിറക്കാനാകാകെ രാവിലെ ആറ് മുതൽ ഒരു മണി വരെ കാത്തുകിടന്നു. വിവിധ എൻ.ജി.ഒകളാണ് ബോക്സുകള്‍ അയച്ചത്. ഇക്കാര്യം മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഓഫീസിനെ അറിയിച്ചിരുന്നു.

കേരളം ഗുരുതര കൊവിഡ് പ്രതിസന്ധി നേരിടുന്നതിനിടെ ഉണ്ടായ സിഐടിയും നടപടിക്കെതിരെ വ്യാപകപ്രതിഷേധമാണുയരുന്നത്. സംസ്ഥാനത്ത് നോക്കുകൂലി നിരോധിച്ചിരിക്കുന്നതിനിടെയാണ് സിഐടിയുവിന്‍റെ നടപടി. സംഭവത്തില്‍ ഐ.എൻ.ടി.യു.സി അപലിച്ചു. അതേസമയം സംഭവം വിവാദമായതിനുപിന്നാലെ വാർത്ത നിഷേധിച്ച് സിഐടിയു രംഗത്തെത്തി.

Comments (0)
Add Comment