മലപ്പുറം: എടപ്പാളിൽ തൊഴിലാളികളെ മർദ്ദിച്ച സംഭവത്തിൽ 5 സിഐടിയു അക്രമികളെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താതെ പോലീസ് നിസാര വകുപ്പുകളെടുത്ത് സിഐടിയു അക്രമികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫയാസിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തി കൂടുതൽ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തുമെന്ന മലപ്പുറം എസ്പിയുടെ ഉറപ്പിനെ തുടർന്ന് കോൺഗ്രസ് പോലീസ് സ്റ്റേഷൻ ഉപരോധം അവസാനിപ്പിച്ചു.
മലപ്പുറം എടപ്പാളില്‍ ആക്രമിക്കാന്‍ പിന്തുടര്‍ന്ന സിഐടിയുക്കാരെ ഭയന്നോടിയ തൊഴിലാളി കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതര പരുക്കേറ്റ സംഭവത്തില്‍ അറസ്റ്റ് ചെയ്ത അഞ്ച് സിഐടിയു പ്രവർത്തകരെയാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. ഇലക്ട്രിക് കരാറുകാരന്‍റെ തൊഴിലാളികളില്‍പ്പെട്ട ഫയാസ് ഷാജഹാന്‍ അടക്കമുളളവരെ ആക്രമിച്ച കണ്ടാല്‍ തിരിച്ചറിയാവുന്ന 10 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഫൈബര്‍ ട്യൂബുകൊണ്ടും കൈ കൊണ്ടും മര്‍ദ്ദിച്ചെന്നും മനഃപൂര്‍വം ആക്രമിച്ചെന്നുമാണ് കേസ്. ആയുധം ഉപയോഗിച്ച് പരുക്കേല്‍പ്പിച്ചെന്നും അസഭ്യം പറഞ്ഞെന്നും എഫ്ഐആറിലുണ്ട്.
തൃശൂര്‍ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിയാണ് പോലീസ് ഫയാസ് ഷാജഹാന്‍റെ മൊഴി രേഖപ്പെടുത്തിയത്. പത്തില്‍ അധികം പേരുളള സംഘമാണ് ആക്രമിച്ചതെന്നും സിഐടിയുക്കാര്‍ പിന്തുടര്‍ന്നപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം അഞ്ചാം നിലയില്‍ നിന്ന് തൊട്ടടുത്ത കെട്ടിടത്തിന്‍റെ മൂന്നാം നിലയിലേക്ക് ചാടിയാണ് അപകടമുണ്ടായതെന്നുമാണ് ഫയാസ് നല്‍കിയ മൊഴി.