പൗരത്വ ഭേദഗതി : കേന്ദ്രത്തിന് സമയം നീട്ടി നൽകി ; വി.കെ ശ്രീകണ്ഠൻ എംപിയുടെ ചോദ്യത്തിന് മറുപടി

Jaihind News Bureau
Wednesday, February 3, 2021

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാരിന് സമയം നീട്ടി നൽകി. പാർലമെന്‍റിന്‍റെ ഇരു സഭയുടെയും സബോർഡിനേറ്റ് നിയമനിർമാണ സമിതിയാണ് സമയം നീട്ടി നൽകിയത്. ജൂലൈ 9 വരെയാണ് സമയം നീട്ടി നൽകിയത്. ലോക്സഭയിലേയും രാജ്യസഭയിലേയും സബോർഡിനേറ്റ് നിയമനിർമാണ സമിതിയാണ് സമയം നീട്ടിനൽകിയത്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വി.കെ ശ്രീകണ്ഠൻ എം പി യുടെ ചോദ്യത്തിന് മറുപടി ആയാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം ലോക്സഭയെ അറിയിച്ചത്. കൊവിഡ് സാഹചര്യത്തിലാണ് നിയമവുമായി ബന്ധപ്പെട്ട തുടർനടപടികൾ വൈകിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡിസംബറിൽ പറഞ്ഞിരുന്നു. ചട്ടം പ്രാബല്യത്തിൽ വന്ന തീയതി മുതൽ ആറുമാസത്തിനുള്ളിൽ നിയമങ്ങളും ചട്ടങ്ങളും ഉപനിയമങ്ങളും രൂപപ്പെടുത്തണം എന്ന് പാർലമെന്‍ററി നിയമങ്ങൾ പറയുന്നു.

എന്നാൽ കാലതാമസമുണ്ടായാൽ മന്ത്രാലയങ്ങൾക്ക് സബോർഡിനേറ്റ് നിയമ നിർമാണ സമിതികളോട് സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെടാം എന്നും ചട്ടം വ്യക്തമാക്കുന്നു. വലിയ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങൾക്കുമിടെ വിവാദമായ പൗരത്വഭേദഗതി നിയമം രണ്ടു വർഷം മുമ്പാണ് പാർലമെന്‍റിന്‍റെ ഇരുസഭകളിലും കേന്ദ്രം പാസാക്കിയെടുത്തത്. 2019 ഡിസംബർ 12-ന് നിയമത്തിന് രാഷ്ട്രപതി അംഗീകാരം നൽകുകയും ചെയ്തു. നിയമത്തിൻെറ പേരിൽ ഡൽഹിയിൽ ഉണ്ടായ കലാപത്തിൽ 50 അധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്.