ദുബായ് : ഇന്ത്യയില്‍ വിവാദമായ പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് ജാഗ്രത പാലിക്കണമെന്ന് യു.എ.ഇയുടെ മുന്നറിയിപ്പ്. യു.എ.ഇ സ്വദേശികള്‍ക്കാണ് ഇതുസംബന്ധിച്ച് ഡല്‍ഹിയിലെ യു.എ.ഇ എംബസി അധികൃതര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്.
നേരത്തെ മറ്റ് വിദേശ രാജ്യങ്ങളും ഇത്തരത്തില്‍ ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് യാത്രാ ഉപദേശം നല്‍കിയിരുന്നു. ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയിലെ പല ഭാഗങ്ങളിലും പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ കൂടിയാണ് ഇത്. ഇതോടെ ക്രിസ്മസ്-പുതുവത്സര അവധിക്ക് ഇന്ത്യയിലേക്ക് പറക്കാന്‍ തീരുമാനിച്ച നിരവധി അറബ് ടൂറിസ്റ്റുകള്‍ യാത്രകളില്‍ നിന്ന് പിന്മാറുകയാണ്.
ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനികളില്‍ നിരവധി പേര്‍ യാത്രകള്‍ റദ്ദാക്കുന്നതായി ടൂര്‍ കമ്പനികള്‍ പ്രതികരിച്ചു. മറ്റ് ലോക രാജ്യങ്ങളും ഇതേ മാതൃക പിന്‍തുടര്‍ന്നാല്‍ നിലവില്‍ മന്ദഗതിയിലായ ഇന്ത്യയുടെ വ്യാപാര വിപണിയില്‍ വീണ്ടും വന്‍ തളര്‍ച്ച നേരിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.