തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയില്‍ സംസ്ഥാന വ്യാപക പ്രതിഷേധവുമായി യുഡിഎഫ്. പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ യുഡിഎഫ് ഇന്ന് മണ്ഡലം തലങ്ങളിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് മണ്ഡലം തല പ്രതിഷേധം.
ജനങ്ങളിൽ ഭിന്നിപ്പും ഭീതിയുമുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാർ ശക്തികളുടെ ശ്രമങ്ങളെ കോൺഗ്രസും യുഡിഎഫും ചെറുക്കുമെന്ന് പ്രതിഷേധ സമരം ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. നിയമം നടപ്പാക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും വ്യാപകമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
രാഹുല്‍ ഗാന്ധി
പൗരത്വ നിയമ ഭേദഗതിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. അമ്പലവും പള്ളിയും പൗരത്വവും പറഞ്ഞാൽ മാത്രമേ ബിജെപിക്ക് അധികാരത്തിൽ വരാൻ സാധിക്കൂ. കോൺഗ്രസ് ഇലെങ്കിൽ ഇതുപോലെയുളള ആപത്തുകൾ ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
കെ. സുധാകരന്‍
ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ സിഎഎ നിയമം അറബിക്കടലിൽ വലിച്ചറിയുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ പറഞ്ഞു. കേന്ദ്ര സർക്കാർ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
വി.ഡി. സതീശന്‍
ഇത് വിഭജനത്തിന്‍റെ രാഷ്ട്രീയമാണെന്നും മതത്തെയും ജനങ്ങളെയും തമ്മിലടിപ്പിക്കുകയാണ് ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇത് അപകടകരമായ സാഹചര്യമാണെന്നും രാജ്യത്ത് നടപ്പാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ യുഡിഎഫ് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തല
സിഎഎ നിയമം രാജ്യത്തെ മതേതരത്തത്തെ തകർക്കുന്നതാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ സിഎഎ നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇ.ടി. മുഹമ്മദ് ബഷീർ
പൗരത്വ നിയമ ഭേദഗതി നിയമം ചട്ടം രൂപീകരിക്കാനുള്ള നീക്കം നിയമപരമായി നേരിടുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി. ശക്തമായി എതിർക്കുമെന്നും കൂടിയാലോചിച്ച് പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.