പൗരത്വ നിയമം: രാജ്യത്ത് പ്രതിഷേധം കനക്കുന്നു, അസമില്‍ ഹർത്താല്‍; മുസ്‌ലിം ലീഗ് സുപ്രീം കോടതിയിലേക്ക്

Jaihind Webdesk
Tuesday, March 12, 2024

 

ന്യൂഡൽഹി: വിവാദമായ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിനെതിരെ രാജ്യവ്യാപക പ്രതിഷേധം. സിഎഎ വിജ്ഞാപനത്തിനെതിരെ അസമില്‍ ഇന്ന്  ഹർത്താൽ ആചരിക്കുകയാണ്.  പ്രതിഷേധക്കാർ സിഎഎ പകർപ്പുകൾ കത്തിച്ചു. ഉത്തർപ്രദേശിലും പ്രതിഷേധവുമായി ആളുകൾ രംഗത്തുവന്നു. പ്രതിഷേധക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.അതേസമയം സിഎഎ ചട്ടം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി മുസ്‌ലിം ലീഗ് ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. അഭിഭാഷകൻ ഹാരിസ് ബീരാന്‍ ഇക്കാര്യം അറിയിച്ചു. മുസ്‌ലിം ലീഗിന്‍റെ അടിയന്തര നേതൃയോഗം ഇന്ന് ഉച്ചയ്ക്ക് പാണക്കാട് ചേരും. സിഎഎയുമായി ബന്ധപ്പെട്ട് കോടതിയിൽ നിലവിലുള്ള കേസിലെ പ്രധാന ഹർജിക്കാരാണ് ലീഗ്. കേരളത്തില്‍ ഇന്ന് യുഡിഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പൗരത്വ നിയമ വ്യവസ്ഥകൾ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള മുസ്‌ലീങ്ങൾ ഒഴികെ 6 മതങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള ചട്ടങ്ങളാണ് വിജ്ഞാപനം ചെയ്തത്. മതാടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്നതിനുള്ള പൗരത്വ നിയമ ഭേദഗതികൾ 2019 ൽ പാർലമെന്‍റ് പാസാക്കിയിരുന്നു. 2019 ഡിസംബർ 12ന് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ചെയ്തതു മുതൽ പ്രാബല്യത്തിലായി. എന്നാൽ വ്യവസ്ഥകൾ ഉണ്ടാക്കിയിരുന്നില്ല. 2014 ഡിസംബർ 31-നു മുമ്പ് ഇന്ത്യയിൽ അഭയാർഥികളായി എത്തിയ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ജൈന, ബുദ്ധ, പാഴ്സി മതക്കാർക്കാണ് പൗരത്വം നൽകുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ധ്രുവീകരണത്തിനാണ് കേന്ദ്രസർക്കാർ ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇലക്ടറല്‍ ബോണ്ടില്‍ സുപ്രീം കോടതിയില്‍ കിട്ടിയ തിരിച്ചടിയില്‍ നിന്ന് ശ്രദ്ധ തിരിക്കുക എന്ന ഉദ്ദേശ്യവും നീക്കത്തിന് പിന്നിലുണ്ടെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിൽ സിഎഎ അംഗീകരിക്കാനാവില്ലെന്ന് നടൻ‌ വിജയ്‌ പ്രതികരിച്ചു. മതമൈത്രി ഉള്ളിടത്ത് ഭിന്നിപ്പുണ്ടാക്കാനാണ് കേന്ദ്രത്തിന്‍റെ ശ്രമം. തമിഴക വെട്രി കഴകമെന്ന‌ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച ശേഷമുള്ള വിജയ്‌യുടെ ആദ്യ രാഷ്ട്രീയ പ്രതികരണമാണിത്. സിഎഎ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഉറപ്പ് വേണമെന്നും വിജയ് ആവശ്യപ്പെട്ടു.