ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ സമരം ശക്തമാക്കി ആശവര്‍ക്കര്‍മാര്‍. ഇന്ന് 62ാം ദിനമാണ്. സാമൂഹിക സാസ്‌കാരിക മേഖലയിലുള്ളവര്‍ ഐക്യദാര്‍ഢ്യവുമായി പൗരസംഗമത്തില്‍ എത്തിച്ചേര്‍ന്നു. നിരാഹാര സമരം 24ാം ദിവസത്തിലും തുടരുകയാണ്. സേവന വേതന പരിഷ്‌കരണം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശമാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്നത്.
സര്‍ക്കാരിന്റെ അവഗണനയ്ക്ക് ഇന്ന് 62 ദിവസത്തെ ആയുസ്സ്. നടത്തിയ ചര്‍ച്ചകളും പരാജയം, എടുക്കുന്ന നിലപാടുകള്‍ ക്രൂരവും. ഇതാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ ആശമാരോട് കാട്ടുന്നത്. മധുരയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അടക്കം കേരള സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സ്ത്രീകളെയും അവരുടെ ആവശ്യങ്ങളെയും ബഹുമാനിക്കാന്‍ അറിയാത്ത സര്‍ക്കാരും ഇതെല്ലാം നിരാകരിക്കുന്നത് മറ്റൊരു സ്ത്രീയായ ആരോഗ്യമന്ത്രിയും. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ തികഞ്ഞ പിന്തുണയാണ് ആശമാര്‍ക്ക് നല്‍കുന്നത്. ഒപ്പം കോണ്‍ഗ്രസ് നേതാക്കള്‍ സമര തുടക്കം മുതല്‍ തന്നെ ആശമാര്‍ക്കൊപ്പം നിലക്കൊണ്ടിരുന്നു.