‘നിയമസഭാ സമ്മേളനം നടക്കുന്നുണ്ട്’: പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് പോലീസിന് നിർദ്ദേശം

Jaihind Webdesk
Tuesday, June 11, 2024

 

തിരുവനന്തപുരം: നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ മാന്യമായി പെരുമാറണമെന്ന് പോലീസിന് നിർദ്ദേശം. താഴേത്തട്ടിലെ ഉദ്യോഗസ്ഥർക്കാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ആരെയും അനാവശ്യമായി കസ്റ്റഡിയിലെടുക്കരുതെന്നാണ് പ്രധാന നിർദ്ദേശം. പൊതുജനങ്ങളോടുള്ള സമീപനത്തിൽ സർക്കാരിന് അവമതിപ്പുണ്ടാക്കുന്ന രീതിയിലുള്ള പെരുമാറ്റവും ഉണ്ടാകരുത്.

കേസുകൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധ ചെലുത്താനും നിർദ്ദേശിച്ചിട്ടുണ്ട്. സഭാ സമ്മേളനം കഴിയുന്നതുവരെ ലോക്കപ്പ് മർദ്ദനം, അനാവശ്യമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കൽ, റോഡിൽ നിന്നുള്ള പോലീസിന്‍റെ ട്രാഫിക് പീഡനം തുടങ്ങിയവ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് സർക്കാർ മുൻകരുതൽ ഉത്തരവിലൂടെ നടപ്പാക്കുന്നത്. പൊതുജനങ്ങളോട് പെരുമാറുമ്പോൾ മാന്യമായി പെരുമാറണമെന്ന് വർഷങ്ങൾക്കു മുമ്പുമുതൽ അതത് കാലത്തെ പോലീസ് മേധാവിമാർ ഉത്തരവുനൽകിയിരുന്നു. 11 തവണയാണ് ഇത്തരത്തിലുള്ള സർക്കുലറുകൾ പോലീസ് ആസ്ഥാനത്തുനിന്ന് പുറപ്പെടുവിച്ചിട്ടുള്ളത്. കോടതി നിർദ്ദേശ പ്രകാരവും പോലീസ് മേധാവിക്ക് ഇത്തരം സർക്കുലർ പുറപ്പെടുവിക്കേണ്ടി വന്നു. ജില്ലാ പോലീസ് മേധാവിമാരിൽനിന്ന് ഡിവിഷൻ മേധാവിമാർ വഴിയാണ് എസ്എച്ച്ഒമാർക്ക് പുതിയ നിർദ്ദേശം ലഭിച്ചത്.