മൊഡേണ വാക്സിന് നിയന്ത്രിത തോതില്‍ അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ അനുമതി

Jaihind Webdesk
Tuesday, June 29, 2021


ന്യൂഡല്‍ഹി : രാജ്യത്ത് നിയന്ത്രിത തോതില്‍ അടിയന്തര ഉപയോഗത്തിനായി മൊഡേണയുടെ കൊവിഡ് വാക്‌സിന്‍ ഇറക്കുമതിക്ക് അനുമതി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിപ്ലയ്ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അനുമതി ലഭിച്ചു. മൊഡേണയുടെ വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് ഡിസിജിഐയുടെ അനുമതി തേടി സിപ്ല തിങ്കളാഴ്ച അപേക്ഷ സമര്‍പ്പിച്ചിരുന്നു.

പൊതുതാല്‍പര്യം കണക്കിലെടുത്ത് അടിയന്തര സാഹചര്യങ്ങളില്‍ നിയന്ത്രിത ഉപയോഗത്തിനുള്ളതാണ് അനുമതിയെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അംഗീകാര ഉത്തരവ് പ്രകാരം വ്യാപകമായ വാക്‌സിനേഷന്‍ ആരംഭിക്കും മുമ്പ് വാക്‌സിന്‍ സ്വീകരിച്ച ആദ്യ 100 പേരുടെ ഏഴ് ദിവസത്തെ സുരക്ഷാ വിലയിരുത്തല്‍ കമ്പനി സമര്‍പ്പിക്കണം.

ഫൈസര്‍ വാക്സിനൊപ്പം മൊഡേണയുടെ വാക്സിനും ആഗോളതലത്തില്‍ വലിയ സ്വീകാര്യത ലഭിച്ച കൊവിഡ് വാക്സിനാണ്. 90 ശതമാനത്തോളം രോഗപ്രതിരോധ ശേഷി മൊഡേണ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസില്‍ 12 കോടിയോളം പേര്‍ക്കും ഫൈസര്‍, മൊഡേണ വാക്സിനുകളാണ് വിതരണം ചെയ്തത്. കാര്യമായ സുരക്ഷാ പ്രശ്നങ്ങളൊന്നും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മൊഡേണ കൊവിഡ് വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് നേരിട്ട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി തേടിയെന്നും ഡിസിജിഐ അനുമതി നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.