ഇടുക്കി ഡാം തുറന്നു; പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം

Jaihind Webdesk
Sunday, August 7, 2022

ഇടുക്കി: തുടർച്ചയായി പെയ്ത മഴയില്‍ ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡാം തുറന്നത്. ചട്ടപ്രകാരം മൂന്ന് തവണ സൈറണ്‍ മുഴക്കിയ ശേഷം രാവിലെ പത്ത് മണിയോടെ ഡാം തുറന്നത്. ഒരു ഷട്ടർ 70 സെന്‍റിമീറ്റര്‍ ആണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളമാണ് പുറത്തുവിടുന്നത്. നിലവില്‍ 2383.53 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്.

ഡാം തുറന്നാലും പെരിയാർ തീരത്തുള്ളവരുടെ വീടുകളിലേക്കൊന്നും വെള്ളം കയറില്ലെന്നാണ് ജില്ല ഭരണകൂടത്തിന്‍റെ വിലയിരുത്തൽ. മുൻകരുതലായി 79 കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ക്യാമ്പ് തുടങ്ങാൻ 23 സ്ഥലങ്ങളും കണ്ടെത്തി. ഇടുക്കി, കഞ്ഞിക്കുഴി, തങ്കമണി, വാത്തിക്കുടി, ഉപ്പുതോട് വില്ലേജുകളിൽ അനൗൺസ്മെന്‍റും നടത്തി. വെള്ളിയാഴ്ച നാലിന് 2381.28 അടിയായിരുന്നു ജലനിരപ്പ്. ശനിയാഴ്ച വൈകിട്ടോടെ 2383.10 ആയി. 1127.48 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് അണക്കെട്ടിലുള്ളത്. ഇത് സംഭരണശേഷിയുടെ 77.25 ശതമാനമാണ്. 2403 അടിയാണ് പരമാവധി സംഭരണശേഷി.

അതേസമയം ഇടുക്കി ഡാമിൽ നിന്നും വളരെ കുറഞ്ഞ അളവിലാണ് ഇന്ന് ജലമൊഴുകി വിടുന്നതെന്നും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 50 ക്യുമെക്സ് വെള്ളമാണ് ഡാമിൽ നിന്നും പുറത്തേക്കൊഴുക്കുക. അഞ്ച് ഷട്ടറുകളിൽ ഒന്ന് മാത്രമാണ് തുറന്നത്. ജലനിരപ്പ് കൂടി പരിഗണിച്ച് ആവശ്യമെങ്കിള്‍ മാത്രം കൂടുതല്‍ വെള്ളം തുറന്നുവിടും.