തൃശ്ശൂരിലെ ‘പള്ളി സ്വാധീനം’ വോട്ടായില്ല; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി?

Jaihind News Bureau
Thursday, December 18, 2025

ക്രൈസ്തവസഭാ നേതൃത്വത്തെയും വിശ്വാസികളെയും ഒപ്പം നിർത്താൻ ബിജെപി ആവിഷ്‌കരിച്ച ‘ക്രിസ്ത്യൻ ഔട്ട്‌റീച്ച്’ പരിപാടി തദ്ദേശ തിരഞ്ഞെടുപ്പിൽ പൂർണ്ണമായും പരാജയപ്പെട്ടതായി പാർട്ടിയിൽ വിലയിരുത്തൽ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ക്രൈസ്തവ വോട്ടുകൾ ബിജെപിക്ക് അനുകൂലമായി പോൾ ചെയ്ത തൃശ്ശൂർ ഉൾപ്പെടെയുള്ള മേഖലകളിൽ ഇത്തവണ വോട്ടുകൾ യുഡിഎഫിലേക്ക് ഒഴുകി. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലും സമാനമായ സ്ഥിതിയാണുണ്ടായത്.

തൃശ്ശൂർ കോർപ്പറേഷനിൽ പള്ളികളുടെ സഹായത്തോടെ ക്രിസ്ത്യൻ സ്ഥാനാർഥികളെ നിർത്തിയ ഡിവിഷനുകളിൽ ബിജെപിക്ക് വൻ തിരിച്ചടിയാണ് നേരിട്ടത്. ജയിക്കുമെന്ന് ഉറച്ചുവിശ്വസിച്ച കൃഷ്ണപുരം, മിഷൻ ക്വാർട്ടേഴ്സ്, ചേലക്കോട്ടുകര, ഗാന്ധിനഗർ, നെട്ടിശ്ശേരി ഡിവിഷനുകളിലെ പരാജയം പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. ചത്തീസ്ഗഡ് വിഷയം ക്രൈസ്തവർക്കിടയിൽ ബിജെപി വിരുദ്ധ വികാരം ഉണ്ടാക്കിയെന്നും, കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവർ പാർട്ടിക്കെതിരെ വോട്ട് ചെയ്തെന്നുമാണ് പ്രാഥമിക വിലയിരുത്തൽ.

പി.സി. ജോർജിന്റെ സാന്നിധ്യം ചില ക്രൈസ്തവ മേഖലകളിൽ ചലനമുണ്ടാക്കിയെങ്കിലും അത് രണ്ടോ മൂന്നോ പഞ്ചായത്തുകളിൽ മാത്രമായി ഒതുങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷ വെക്കുന്ന തിരുവനന്തപുരത്തും ക്രിസ്ത്യൻ സ്ഥാനാർഥികളെ നിർത്തിയത് ഗുണം ചെയ്തില്ല. നാലാഞ്ചിറ, പാളയം, വെട്ടുകാട്, പൗണ്ടുകടവ് മേഖലകളിൽ വോട്ട് വിഹിതം കുറയുകയും പരാജയം സംഭവിക്കുകയും ചെയ്തു.

തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് എതിരായ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായി ബിജെപി വിലയിരുത്തുന്നു. മേയർ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ കെൽപ്പുള്ള നേതാക്കളുടെ അഭാവം പ്രവർത്തകരുടെ ആവേശം കുറച്ചു. പാർട്ടി നേതൃത്വത്തിലെ അനൈക്യം, ജില്ലാ പ്രസിഡന്റിന്റെ ഏകോപനമില്ലായ്മ, പ്രമുഖ സംസ്ഥാന നേതാക്കളുടെ വിട്ടുനിൽക്കൽ എന്നിവ പരാജയത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ, ഗാന്ധിനഗർ ഡിവിഷനിൽ സജീവമായി ഇടപെട്ട ബി. ഗോപാലകൃഷ്ണന്റെ പ്രവർത്തനം അവിടെ ഗുണകരമായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.