ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍; ഒടുവില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

Jaihind Webdesk
Tuesday, January 14, 2025


വയനാട് : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കുവാന്‍ ഒടുവില്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന ദുരിതബാധിതരുടെയും പ്രതിപക്ഷത്തിന്റെയും ശക്തമായ ആവശ്യം ഒടുവില്‍ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.മരിച്ചവര്‍ക്കുള്ള ധനസഹായത്തിന് രണ്ട് സമിതികള്‍ രൂപീകരിക്കുവാനും സര്‍ക്കാര്‍ തീരുമാനിച്ചു. തുടര്‍ നടപടികള്‍ക്കായി പ്രാദേശിക സമിതിയും സംസ്ഥാനതല സമിതിയുമാണ് രൂപീകരിക്കുക.

ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 30 ലധികം ആളുകളെഇനിയും കണ്ടെത്താനുണ്ട്.ഇവരുടെ കാര്യത്തില്‍ അവ്യക്തത നില നിന്നതിനാല്‍ സഹായം ലഭിക്കുന്നതില്‍ തടസ്സം നേരിടുകയായിരുന്നു.സര്‍ക്കാര്‍ സുപ്രധാന തീരുമാനം കൈക്കൊണ്ടതോടെ ഇവര്‍ക്കും ഇനി സഹായം ലഭിക്കുവാന്‍ വഴി തുറക്കും.അതെസമയം വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി,ആ പ്രദേശത്തെ പൊലീസ് സേറ്റഷനിലെ എസ്എച്ച്ഒ എന്നിവര്‍ ചേര്‍ന്ന പ്രാദേശിക സമിതിയാണ് പട്ടിക തയ്യാറാക്കുന്നത് .