മുഖ്യമന്ത്രി നടത്തിയ ക്രിസ്മസ് – പുതുവത്സര വിരുന്ന്; കേക്കിന് മാത്രം 1.2 ലക്ഷം രൂപ, ഭക്ഷണത്തിന് 16 ലക്ഷം രൂപ ചെലവ്, തുക പാസാക്കി ഉത്തരവ്

Jaihind Webdesk
Sunday, February 4, 2024

തിരുവനന്തപുരം: മുഖ്യമന്ത്രി നടത്തിയ ക്രിസ്മസ് – പുതുവത്സര വിരുന്നിന് ചെലവായത് വൻ തുക. ജനുവരി മൂന്നിന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടത്തിയ വിരുന്നിനാണ് വന്‍ തുക ചെലവായത്.  പൗരപ്രമുഖര്‍ക്ക് വേണ്ടി നടത്തിയ വിരുന്നിൽ ഭക്ഷണത്തിന് മാത്രം 16 ലക്ഷം രൂപ ചെലവായി.

കേക്കിന് മാത്രം 1.2 ലക്ഷം രൂപയും പരിപാടിയുടെ ക്ഷണക്കത്ത് തയ്യാറാക്കിയ വകയിൽ 10,725 രൂപയും ചെലവായി. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിനാണ് ഭക്ഷണം തയ്യാറാക്കിയ വകയിൽ 16,08,195 രൂപ അനുവദിച്ചത്. പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപത്തുള്ള സ്ക്വയര്‍ വൺ ഹോം മെയ്‌ഡ് ട്രീറ്റ്സ് എന്ന സ്ഥാപനത്തിനാണ് കേക്ക് തയ്യാറാക്കിയ വകയിൽ 1.2 ലക്ഷം രൂപ അനുവദിച്ചത്.

ദിസ് ആന്‍റ് ദാറ്റ് എന്ന പരസ്യ കമ്പനി പരിപാടിക്കായി ക്ഷണക്കത്ത് തയ്യാറാക്കിയതിന് 10725 രൂപ നൽകി. ഫെബ്രുവരി രണ്ടിന് പുറപ്പെടുവിച്ച ഉത്തരവിൽ ട്രഷറിയിലെ എന്‍റര്‍ടെയ്ൻമെന്‍റ് ആന്‍റ് ഹോസ്‌പിറ്റാലിറ്റി അക്കൗണ്ടിൽ നിന്നാണ് പണം അനുവദിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് മൂന്നും സര്‍ക്കാര്‍ ഖജനാവിൽ നിന്ന് അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിട്ടു.