ക്രിസ്മസ്–പുതുവത്സര ബംപർ; ഭാഗ്യവാന്‍ പുതുച്ചേരി സ്വദേശി, സമ്മാനതുക 20 കോടി രൂപ

Jaihind Webdesk
Friday, February 2, 2024

തിരുവനന്തപുരം:  ക്രിസ്മസ്–പുതുവത്സര ബംപർ ലോട്ടറി ഭാഗ്യവാന്‍ പുതുച്ചേരി സ്വദേശി. പുതുച്ചേരി സ്വദേശിയായ 35 വയസ്സുള്ള ബിസിനസുകാരനാണ് ക്രിസ്മസ്–പുതുവത്സര ബംപർ ലോട്ടറി  അടിച്ചത്. ഇയാൾ ശബരിമല ദർശനത്തിനുശേഷം മടങ്ങുമ്പോൾ പത്മനാഭസ്വാമിക്ഷേത്രം സന്ദർശിച്ചപ്പോഴാണ് അതിനടുത്തുള്ള ലോട്ടറി കടയിൽനിന്ന് ലോട്ടറി വാങ്ങിയത്. ഇന്ന് 2.45ഓടെ സുഹൃത്തുക്കളുമായും ലോട്ടറി ഏജന്‍റുമായും ലോട്ടറി ഡയറക്ടറേറ്റിലെത്തി സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് കൈമാറി.

പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് അഭ്യർഥിച്ചിട്ടുണ്ട്. വിവരങ്ങൾ രഹസ്യമായി ലോട്ടറി ഓഫിസിനു കൈമാറും. ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം 20 കോടിരൂപയാണ്. ബംപർ അടിച്ച വ്യക്തിയുടെ അക്കൗണ്ടിലേക്ക് 12.60 കോടിരൂപയാണ് എത്തുന്നത്. 30% നികുതി ഈടാക്കിയശേഷമാണ് ലോട്ടറി വകുപ്പ് സമ്മാന ജേതാവിന് തുക കൈമാറുന്നത്. ഉയർന്ന സമ്മാനങ്ങൾ നേടുന്നവർ കേന്ദ്രസർക്കാർ നികുതിയും നൽകേണ്ടതുണ്ട്. ക്രിസ്മസ് പുതുവത്സര ബംപറിന്‍റെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റു വിറ്റ ഏജന്‍റിന് 2 കോടിരൂപ കമ്മിഷനായി ലഭിക്കും. രണ്ടാം സമ്മാനമായി 20 പേര്‍ക്ക് ഒരു കോടിവീതം ലഭിക്കും. 45 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. പാലക്കാടാണ് കൂടുതൽ ടിക്കറ്റുകൾ വിറ്റത്. പാലക്കാടുനിന്നാണ് തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിന് അടുത്തുള്ള ഏജന്റ് ടിക്കറ്റ് വാങ്ങിയത്. മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം.