
ലഖ്നൗ/റായ്പൂര്‍: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ഹിന്ദുത്വ സംഘടനകളുടെ വ്യാപക അതിക്രമം. ഉത്തര്‍പ്രദേശിലെ ബറേലിയിലും ഛത്തീസ്ഗഡിലെ റായ്പൂരിലുമാണ് ക്രിസ്ത്യന്‍ പള്ളികള്‍ക്കും ആഘോഷങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായത്. ക്രിസ്മസ് തലേന്നായ ബുധനാഴ്ചയായിരുന്നു സംഭവങ്ങള്‍.
ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പള്ളിയില്‍ ക്രിസ്മസ് ആരാധനകള്‍ നടന്നുകൊണ്ടിരിക്കെയാണ് ബജ്രംഗ്ദള്, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അതിക്രമിച്ചു കടന്നത്. ഇരുപത്തഞ്ചോളം വരുന്ന സംഘം പള്ളിക്ക് മുന്പില് തടിച്ചുകൂടുകയും പ്രാര്‍ത്ഥന തടസ്സപ്പെടുത്തുന്ന രീതിയില്‍ ഹനുമാന് ചാലിസ ഉരുവിടുകയുമായിരുന്നു. പള്ളിക്ക് പുറത്ത് പോലീസ് കാവലുണ്ടായിരുന്നിട്ടും അക്രമികളെ തടയാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള ഒരു മാളിലും അക്രമം അരങ്ങേറി. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ അലങ്കാരങ്ങളും സാന്താക്ലോസ് രൂപങ്ങളും ‘സര്‍വ്വ ഹിന്ദു സമാജ്’ പ്രവര്‍ത്തകര്‍ തകര്‍ത്തു. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് സംഘടന ബുധനാഴ്ച റായ്പൂരില്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഈ ബന്ദിന്റെ ഭാഗമായി നടന്ന പ്രകടനമാണ് മാളിലേക്ക് ഇരച്ചുകയറുകയും ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്തുകയും ചെയ്തത്.