ഓശാന ഞായർ ആചരിച്ച് ക്രൈസ്തവർ; വിശുദ്ധ വാരാചരണത്തിന് തുടക്കം

Jaihind Webdesk
Sunday, April 2, 2023

 

തിരുവനന്തപുരം: യേശുക്രിസ്തുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ സ്മരണകളുമായി ക്രൈസ്തവർ ഇന്ന് ഓശാന പെരുന്നാള്‍ ആചരിക്കുന്നു. യേശുക്രിസ്തുവിനെ യഹൂദജനം രാജകീയപദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്‍റെ അനുസ്മരണമാണ് ഓശാന ഞായറിലെ തിരുക്കര്‍മങ്ങള്‍. യേശുക്രിസ്തുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെയും അന്ത്യ അത്താഴത്തിന്‍റെയും കാല്‍വരിക്കുന്നിലെ കുരിശുമരണത്തിന്‍റെയും ഉയിര്‍പ്പുതിരുനാളിന്‍റെയും ഓര്‍മ്മ പുതുക്കുന്ന വിശുദ്ധ വാരമാണിത്.

വിശുദ്ധ വാരാചരണത്തിന്‍റെ തുടക്കമായ ഓശാന ഞായര്‍ ദിനത്തില്‍ തിരുവനന്തപുരം ജില്ലയിലെ പള്ളികളില്‍ പ്രത്യേക തിരുക്കര്‍മങ്ങളും കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും ദിവ്യബലിയും നടന്നു. പാളയം സെന്‍റ് ജോസഫ്‌സ് മെട്രോ പൊളിറ്റന്‍ കത്തീഡ്രലില്‍ ഇന്ന് പുലര്‍ച്ചെ ദിവ്യബലിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് കുരുത്തോല വെഞ്ചെരിപ്പും പ്രദക്ഷിണവും നടന്നു. ലത്തീന്‍ അതിരൂപതാ മെത്രാന്‍ തോമസ് ജെ നെറ്റോ ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു.

പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ നടന്ന ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ നേതൃത്വം നല്‍കി. കുരുത്തോല വാഴ്വ്, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന എന്നിവയില്‍ വിശ്വാസി സമൂഹം ഭക്തിപൂര്‍വം പങ്കുകൊണ്ടു. പിഎംജി ലൂര്‍ദ് ഫൊറോന പള്ളിയിലെ ചടങ്ങുകള്‍ക്ക് ബിഷപ്പ് മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

പാളയം സമാധാന രാജ്ഞി ബസിലിക്ക, പാളയം എംഎം പള്ളി, പാളയം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് സിറിയന്‍ കത്തീഡ്രലില്‍, പേരൂര്‍ക്കട തെക്കന്‍ പരുമല സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് വലിയപള്ളി,വട്ടിയൂര്‍ക്കാവ് സെന്‍റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി, പാറ്റൂര്‍ സെന്‍റ് തോമസ് മാര്‍ത്തോമ പള്ളി തുടങ്ങി തിരുവനന്തപുരം ജില്ലയിലെ ക്രൈസ്തവ ദേവാലായങ്ങള്‍ ഓശനാ തിരുനാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു.