“കാവല്‍ക്കാരെന്ന് സ്വയം അവകാശപ്പെടുന്നവര്‍ മോഷ്ടിക്കുമെന്ന് കരുതിയില്ല” – ബി.ജെ.പിക്കെതിരെ മോഷണ ആരോപണവുമായി വെബ്ഡിസൈന്‍ കമ്പനി

പൂട്ടിക്കിടന്ന ബി.ജെ.പി വെബ്സൈറ്റ് പ്രവര്‍ത്തനസജ്ജമാക്കാന്‍ തങ്ങളുടെ ‘ടെംപ്ലേറ്റ്’ മോഷ്ടിച്ചുവെന്ന പരാതിയുമായി ആന്ധ്രാപ്രദേശിൽ നിന്നുള്ള വെബ് ഡിസൈൻ കമ്പനി രംഗത്ത്. ടെംപ്ലേറ്റ് ഡിസൈൻ ചെയ്ത കമ്പനിയുടെ പേര് മറച്ചുവെച്ച് തങ്ങളുടെ പകര്‍പ്പവകാശമുള്ള ടെംപ്ലേറ്റ് ബി.ജെ.പി അതേപടി പകർത്തിയെന്നാണ് ഡബ്ല്യു 3 ലേഔട്ട്‌സ് () ആരോപിക്കുന്നത്. ഹാക്ക് ചെയ്യപ്പെട്ട ഔദ്യോഗിക വെബ്സൈറ്റ് പ്രവർത്തനക്ഷമമായതിന്‍റെ സമാധാനത്തിലിരുന്ന ബിജെപിക്ക് വീണ്ടും തലവേദനയായിരിക്കുകയാണ് പുതിയ ആരോപണം.

ബി.ജെ.പിയുടെ സ്ഥാനാർഥി പട്ടികയുമായാണ് രണ്ടാഴ്ചയ്ക്ക് ശേഷം വെബ്സൈറ്റ് താല്‍ക്കാലികമായി പ്രവർത്തനക്ഷമമായത്. ബി.ജെ.പിയുടെ ഐ.ടി സെൽ തങ്ങളുടെ ടെംപ്ലേറ്റ് ഉപയോഗിച്ചതിൽ ആദ്യം സന്തോഷം തോന്നിയിരുന്നു. എന്നാൽ പ്രതിഫലം നൽകാതെ ബാക്ക് ലിങ്ക് ഒഴിവാക്കിയശേഷമാണ് ഞങ്ങളുടെ ടെംപ്ലേറ്റ് അവർ ഉപയോഗിച്ചിരിക്കുന്നത്. നിർമാതാക്കളുടെ പേര് പോലും നൽകാൻ ബി.ജെ.പി തയാറായിട്ടില്ലെന്നും കമ്പനി പരാതിപ്പെടുന്നു. ടെംപ്ലേറ്റുകള്‍ സൗജന്യമായി ഉപയോഗിക്കാന്‍ വേണ്ടിയാണ് നിര്‍മിച്ചിട്ടുള്ളതെങ്കിലും പേജിന് ഏറ്റവും അടിയിലായി കമ്പനിയുടെ പേര് ഉണ്ടായിരുന്നു. ഇതാണ് ബി.ജെ.പി എടുത്തു മാറ്റിയത്. സോഴ്‌സ് കോഡിലൂടെ ഇത് തങ്ങളുടെ ടെംപ്ലേറ്റ് തന്നെയാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇത് ബി.ജെ.പിയെ അറിയിച്ചപ്പോള്‍ മറുപടി ഉണ്ടാവുകയല്ല മറിച്ച് സോഴ്‌സ് കോഡ് തിരുത്തുകയാണ് ചെയ്തതെന്നും കമ്പനി പറയുന്നു. പ്രതിഫലം തന്നില്ലെങ്കിലും തങ്ങളുടെ ടെംപ്ലേറ്റ് ഉപയോഗിക്കുമ്പോള്‍ ഒരു നന്ദി പറയാനെങ്കിലുമുള്ള മാന്യത ബി.ജെ.പി കാണിക്കേണ്ടതായിരുന്നു എന്നും ഡബ്ല്യു 3 ലേഔട്ട്‌സ് വ്യക്തമാക്കി.

അവർ ഇപ്പോൾ സൈറ്റ് കോഡ് പൂർണമായും മാറ്റിയേക്കാം. രാജ്യത്തിന്‍റെ കാവൽക്കാരൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നേതാവിന്‍റെ പാർട്ടി ഇത്തരമൊരു മോഷണം ചെയ്യുമെന്ന് കരുതിയില്ല. ഒരു ചെറിയ സ്ഥാപനത്തിന്‍റെ ചോരയും നീരുമാണ് മോഷ്ടിച്ചത്. എന്നാൽ തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്നത് മനസിലാക്കി ബി.ജെ.പിയെ അറിയിച്ചപ്പോള്‍ അവഗണിക്കുകയാണുണ്ടായതെന്നും കമ്പനി ട്വീറ്റ് ചെയ്തു.

സംഭവം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ അടക്കം ബി.ജെ.പിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. കോൺഗ്രസ് നേതാവ് ദിവ്യ സ്പന്ദന ഉൾപ്പെടെയുള്ളവർ ബി.ജെ.പിക്കെതിരെ രംഗത്തെത്തി. അതേസമയം ബി.ജെ.പിയുടെ ഔദ്യോഗിക പ്രതികരണം ഇനിയും പുറത്തുവന്നിട്ടില്ല. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന കോണ്‍ഗ്രസ് ക്യാംപെയ്ന്‍റെ പശ്ചാത്തലത്തില്‍ ബി.ജെ.പിക്ക് തലവേദനയായിരിക്കുകയാണ് പുതിയ സംഭവം.

bjpW3layoutschoukidar chor hai
Comments (0)
Add Comment