വയനാട് നൂൽപ്പുഴയിൽ കോളറ മരണം: 209 പേർ നിരീക്ഷണത്തിൽ; 10 പേർ ചികിത്സയില്‍, 3 പ്രദേശങ്ങൾ കണ്ടെയ്‌ൻമെന്‍റ് സോണുകളാക്കി

Jaihind Webdesk
Thursday, August 22, 2024

 

വയനാട്: നൂല്‍പ്പുഴയില്‍ കോളറ മരണം സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിൽ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. നൂൽപ്പുഴ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ കണ്ടെയിൻമെന്‍റ് സോൺ പ്രഖ്യാപിച്ചു. സമാന രോഗ ലക്ഷണങ്ങളുടെ ചികിത്സയിൽ കഴിയുന്ന 10 പേരിൽ ഒരാൾക്കുകൂടി ഇന്നലെ കോളറ സ്ഥിരീകരിച്ചിരുന്നു.

നൂൽപ്പുഴ പഞ്ചായത്തിലെ തോട്ടാമൂല കുണ്ടാണംകുന്ന് കോളനിയിലെ 22 കാരനാണ് ഇന്നലെ കോളറ സ്ഥിരീകരിച്ചത്. ഇതേ കോളനിയിലെ 10 പേരും സമാന ലക്ഷണങ്ങളോടെ ചികിത്സയിലാണ്. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ഇപ്പോഴും സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്. കോളനിയിൽ കോളറ സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് പരിധിയിലെ തിരുവണ്ണൂർ, ലക്ഷംവീട്, കുണ്ടാനംകുന്ന് കോളനികളിലും കോളനികളുടെ 500 മീറ്റർ ചുറ്റളവിലും ജില്ലാ ഭരണകൂടം കണ്ടെയിൻമെന്‍റ് സോൺ പ്രഖ്യാപിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് കോളനിയിലെ 30 വയസ്സുകാരി വിജില കോളറ ബാധിച്ച് മരിച്ചത്. പ്രദേശവാസികളോട് ജാഗ്രത പാലിക്കാനാവശ്യപ്പെട്ട ജില്ലാ ഭരണകൂടം, തദ്ദേശ സ്ഥാപനങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശ പ്രകാരമുള്ള നിയന്ത്രണങ്ങൾ സ്വീകരിക്കണമെന്നും അറിയിച്ചു.