
പത്തനംതിട്ട: ചിറ്റാര്‍ വയ്യാറ്റുപുഴയില്‍ ജനവാസ മേഖലയെ ഭീതിയിലാഴ്ത്തി കിണറ്റില്‍ വീണ കടുവയെ 11 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വനംവകുപ്പ് പുറത്തെടുത്തു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ വില്ലുന്നി പാറ കൊല്ലം പറമ്പില്‍ സദാശിവന്റെ വീടിന് സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റിലാണ് കടുവ അകപ്പെട്ടത്. കിണറ്റില്‍ നിന്നും അസ്വാഭാവികമായ ശബ്ദം കേട്ടെത്തിയ വീട്ടുകാരാണ് കടുവയെ കണ്ടത്. ഉടന്‍ തന്നെ വനംവകുപ്പിനെയും ചിറ്റാര്‍ പോലീസിനെയും വിവരമറിയിച്ചു.
ഏഴ് മീറ്ററോളം ആഴമുള്ള കിണറ്റില്‍ നിറയെ വെള്ളമുണ്ടായിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയായി. കിണറ്റിലുണ്ടായിരുന്ന മോട്ടര്‍ കടുവ കടിച്ചുകീറി നശിപ്പിച്ചതിനാല്‍ വെള്ളം വറ്റിക്കാന്‍ ഫയര്‍ഫോഴ്സിന്റെ സഹായം തേടേണ്ടി വന്നു. ഉച്ചയോടെ കുമളിയില്‍ നിന്ന് മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയതോടെയാണ് ദൗത്യം നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടന്നത്.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ കടുവയെ പ്രത്യേക വലയ്ക്കുള്ളില്‍ കയറ്റി മുകളിലേക്ക് ഉയര്‍ത്തിയ ശേഷമാണ് മയക്കുവെടി വെച്ചത്. കടുവ മയങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം പുറത്തെടുത്തു. തുടര്‍ന്ന് 150 മീറ്ററോളം ദൂരം വലയോടുകൂടി ചുമന്ന് വനംവകുപ്പിന്റെ വാഹനത്തില്‍ എത്തിച്ചു. കടുവയെ നിലവില്‍ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.
ഫോറസ്റ്റ് സ്റ്റേഷനില്‍ വെച്ച് വിശദമായ വൈദ്യപരിശോധന നടത്തിയ ശേഷമാകും കടുവയെ എങ്ങോട്ട് മാറ്റണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. പരിക്കുകള്‍ ഉണ്ടെങ്കില്‍ മൃഗശാലയിലേക്ക് മാറ്റാനോ, ആരോഗ്യവാനാണെങ്കില്‍ ഉള്‍വനത്തില്‍ തുറന്നുവിടാനോ ആണ് സാധ്യത. എന്നാല്‍ കടുവയെ ഗവി വനത്തില്‍ തുറന്നുവിട്ടാല്‍ അത് വീണ്ടും ജനവാസ മേഖലയിലേക്ക് തിരിച്ചെത്തുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.