
കൊച്ചി: മലയാറ്റൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 19 കാരിയെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ച് ആണ്‍ സുഹൃത്ത് അലന്‍. വഴക്കിനെ തുടര്‍ന്ന് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കസ്റ്റഡിയിലായിരുന്ന സുഹൃത്ത് പൊലീസിന് മൊഴി നല്‍കി. മറ്റൊരു ബന്ധം സംശയിച്ചാണ് കൊലപാതകം നടത്തിയത്.
ബംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനിയായ ചിത്രപ്രിയക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇവര്‍ തമ്മില്‍ വഴക്കുണ്ടാകുന്നത്. ചിത്രപ്രിയയുടെ ഫോണില്‍ ഇവര്‍ തമ്മിലുള്ള ചിത്രങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് തലയില്‍ ആഞ്ഞടിക്കുകയായിരുന്നു. താന്‍ മദ്യലഹരിയിലാണ് കുറ്റകൃത്യം ചെയ്തതെന്നും അലന്‍ പൊലീസിനോട് സമ്മതിച്ചു.
മുണ്ടങ്ങാമറ്റം തുരുത്തിപറമ്പില്‍ വീട്ടില്‍ ഷൈജുവിന്റെ മകള്‍ ചിത്രപ്രിയയുടെ മൃതദേഹമാണ് വീടിന് ഒരുകിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് അലനെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യിലിലാണ് കുറ്റം സമ്മതിച്ചത്. അടുത്തുള്ള കടയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ചിത്രപ്രിയ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഞായറാഴ്ച പുലര്‍ച്ചമുതല്‍ ചിത്രപ്രിയയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മാതാവ് ജോലിചെയ്യുന്ന കാറ്ററിങ് യൂനിറ്റിലെ സഹപ്രവര്‍ത്തകരുടെ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടത്. കൂരാപ്പിള്ളി കയറ്റത്തിനു സമീപം റോഡിന് സമീപത്തെ വിജനമായ പറമ്പിലാണ് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരക്ക് മൃതദേഹം കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ തലയുടെ പിന്നില്‍ ആഴത്തിലുള്ള മുറിവുണ്ട്. കല്ലോ മറ്റെന്തെങ്കിലും ആയുധങ്ങളെ കൊണ്ട് ആക്രമിച്ച രീതിയിലുള്ള മുറിവാണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നു. പ്രതി കുറ്റം സമ്മതിച്ചുവെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പെരുമ്പാര്‍ എസ്.പി പറഞ്ഞു.