VILLAGE OFFICE| ചിതറ മാങ്കോട് വില്ലേജ് ഓഫീസില്‍ പുനര്‍ വിവാഹം കഴിച്ചില്ലെന്ന സാക്ഷ്യപത്രം നല്‍കിയില്ല; പരാതിയുമായി പട്ടികജാതി വീട്ടമ്മ

Jaihind News Bureau
Tuesday, August 12, 2025

 

ചിതറ മാങ്കോട് വില്ലേജ് ഓഫീസില്‍ പട്ടികജാതിക്കാരിയായ വീട്ടമ്മയ്ക്ക് പുനര്‍ വിവാഹം കഴിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം കൊടുക്കുന്നില്ല എന്ന് വ്യാപക പരാതി. ചിതറ പള്ളിക്കോണം സ്വദേശി ഉഷയ്ക്കാണ് ചിതറ വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‍കാത്തത് .

12 വര്‍ഷമായി ഭര്‍ത്താവ് ഉപേക്ഷിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന ഉഷ കഴിഞ്ഞ ഒരു മാസമായി മാങ്കോട് വില്ലേജ് ഓഫീസില്‍ ഈ സര്‍ട്ടിഫിക്കനായി കയറിയിറങ്ങുകയാണ്. നിലവില്‍ ഉഷ സര്‍ക്കാരിന്റെ വിധവ പെന്‍ഷന്‍ വാങ്ങുന്ന ഒരു വ്യക്തിയാണ്. വീടില്ലാത്ത ഉഷയ്ക്ക് മണ്ണും വീടും പദ്ധതി പ്രകാരം പട്ടികജാതി വികസന വകുപ്പില്‍ നിന്നും പണം അനുവദിച്ചിരുന്നു. ഈ സര്‍ട്ടിഫിക്കറ്റ് കൂടി കിട്ടിയാല്‍ മാത്രമേ ഉഷയ്ക്ക് വസ്തു വാങ്ങുവാനും വീട് വയ്ക്കുവാനും കഴിയുകയുള്ളൂ. വണ്ടിക്കൂലിക്ക് പോലും പൈസ ഇല്ലാത്ത ഉഷ നടന്നാണ് വില്ലേജ് ഓഫീസില്‍ തന്റെ ആവശ്യങ്ങള്‍ക്കായി കയറിയിറങ്ങുന്നത്.

പട്ടികജാതി വിഭാഗക്കാര്‍ വരുമ്പോള്‍ മാങ്കോട് വില്ലേജ് ഓഫീസര്‍ ദാര്‍ക്ഷ്യത്തോടെയാണ് സംസാരിക്കുന്നതെന്നാണ് പരാതിക്കാരി ഉഷ പറയുന്നത്. ഏതാനും ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ വീടും വസ്തുവും എന്ന സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും പുറത്താകും എന്ന് ഉഷ പറയുന്നു. എന്നാല്‍ റേഷന്‍ കാര്‍ഡില്‍ ഭര്‍ത്താവിന്റെ പേര് ഉള്ളതിനാല്‍ ഏഴു വര്‍ഷത്തില്‍ കൂടുതല്‍ ഭര്‍ത്താവ് കൂടെ ഇല്ല എന്നുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ല എന്ന വാദമാണ് വില്ലേജ് ഓഫീസര്‍ ഉന്നയിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ മാത്രമേ വഴിയുള്ളൂ എന്നാണ് ഉഷ പറയുന്നത്.