ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധ വിവാദം; ഇ.പി ജയരാജന് കെ.എസ്.യു വിന്‍റെ തുറന്ന കത്ത്

Jaihind Webdesk
Thursday, February 2, 2023

തിരുവനന്തപുരം: ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധ വിവാദത്തിൽ ഇ.പി ജയരാജന് കെ.എസ്.യു വിന്‍റെ തുറന്ന കത്ത്. ഇടതു മുന്നണി കൺവീനർ വിഷയത്തെ ലാഘവ ബുദ്ധിയോടെ കണ്ടെന്ന് കെ .എസ്. യു സംസ്ഥാന പ്രസിഡൻ്റ്  അലോഷ്യസ് സേവ്യറിൻ്റെ കത്തിൽ പറയുന്നു.

കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിലെ തകർച്ച സജീവ ചർച്ചാ വിഷയമായ വർത്തമാനകാലത്ത് പുറത്തു വന്ന
‘ഗൗരവതരമായ വിഷയത്തെ ‘ നിസ്സാരവൽക്കരിച്ചത് ശരിയല്ല. പാർട്ടി സമ്മേളനത്തിന് തയ്യാറാക്കിയ കരടുരേഖയിൽ അല്ല ചിന്താജെറോം പിഴവ് വരുത്തിയതെന്നും കെഎസ്‌യു സംസ്ഥാന അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി.

ഗവേഷണ മേഖലയിലുള്ള വിദ്യാർത്ഥികളുടെ മൗലികവും ആത്മാർത്ഥവുമായ ഉദ്യമങ്ങളെ പരിഹസിക്കുന്ന നിലപാടാണ് എൽ.ഡി.എഫ് കൺവീനറുടേത്. ഗുരുതരമായ കോപ്പിയടി ആരോപണങ്ങൾ ഈ പ്രബന്ധത്തെ കുറിച്ച് ഉണ്ടായിട്ടുണ്ട്. ഇതേ വിഷയത്തിൽ ഉണ്ടായിട്ടുള്ള ചില പൂർവ്വ പാഠങ്ങളെ അന്ധമായി അനുവർത്തിക്കുകയും ആവർത്തിക്കുകയും ചെയ്യുന്ന പ്രബന്ധത്തിൽ മൗലികതയെ സംബന്ധിച്ചും നിരവധി സംശയങ്ങൾ ഉന്നയിക്കപ്പെട്ടതിനാൽ പ്രബന്ധം പുന:പരിശോധിക്കാനാണ് അദ്ദേഹം നിർദ്ദേശം നൽകേണ്ടീരുന്നതെന്നും കത്തിൽ പറയുന്നു.

പാർട്ടി സമ്മേളനത്തിന് തയാറാക്കിയ കരടുരേഖയിൽ അല്ല ചിന്ത ജെറോം പിഴവ് വരുത്തിയത് എന്ന തിരിച്ചറിവ് ഉണ്ടാകണമെന്നും വിഷയത്തിൽ ഇടതുമുന്നണി കൺവീനർ സ്വീകരിച്ചത് അപക്വമായ നിലപാടെന്നും തിരുത്തൽ നടപടിക്ക് ഇ പി ജയരാജൻ തയ്യാറാകണമെന്നും അലോഷ്യസ് സേവ്യർ കത്തിൽ ആവശ്യപ്പെട്ടു.