ആലപ്പുഴ: യുവജന കമ്മീഷന്‍ ചിന്ത ജെറോം ആഡംബര റിസോർട്ടിൽ താമസിച്ചതിനെ ചൊല്ലി ആലപ്പുഴ സിപിഎമ്മില്‍ വീണ്ടും കലഹം. ചിന്തയെ തെറി വിളിച്ച് ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടു. ആലപ്പുഴ ഡിവൈഎഫ്ഐ സൗത്ത് ബ്ലോക്ക് കമ്മിറ്റി അംഗവും മുൻ എസ്എഫ്ഐ നേതാവുമായ നിതിൻ എംഎൻ ആണ് ചിന്തയെ അസഭ്യം പറഞ്ഞുകൊണ്ട് വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടത്. അസഭ്യ വാക്കോടു കൂടിയുള്ള സ്റ്റാറ്റസിന്‍റെ സ്ക്രീന്‍ ഷോട്ട് പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചതോടെ വിഭാഗീയ പ്രശ്നങ്ങൾ രൂക്ഷമായി.
അതേസമയം സംഘടനയിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു നേതാവിന് ചേരാത്ത രീതിയിലുള്ള പ്രവർത്തനമാണ് ഉണ്ടായതെന്നും, ഡിവൈഎഫ്ഐ നേതാവ് നിതിന്‍റെ പോസ്റ്റ് സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും കാണിച്ച് സൗത്ത് ഏരിയ കമ്മിറ്റിയിലെ ഭാരവാഹിയായ വനിതാ പ്രവർത്തകർ തന്നെ ജില്ലാ സെക്രട്ടറിയെ പരാതി അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് ചിന്താ ജെറോമിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങിയപ്പോള്‍ ആരോപണം ശരിവെക്കുന്ന രീതിയിലാണ് ഡിവൈഎഫ്ഐ നേതാവിന്‍റെ പ്രതികരണം. ഇത് സിപിഎമ്മിലും ഡിവൈഎഫ്ഐയിലും വിഭാഗീയത സൃഷ്ടിച്ചിരിക്കുകയാണ്.
ലഹരിക്കടത്ത് ആരോപണം, കുട്ടനാട്ടിലെ കൊഴിഞ്ഞുപോക്ക്, അശ്ലീല വീഡിയോ വിവാദം, രൂക്ഷമായ വിഭാഗീയ പ്രശ്നങ്ങൾ എന്നിവയ്ക്ക് പുറമെ ആലപ്പുഴ ഡിവൈഎഫ്ഐയിലെ പുതിയ വിവാദം സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.