ഇന്ന് ചിങ്ങം ഒന്ന്; പ്രതിസന്ധികള്‍ക്കിടയിലും പ്രതീക്ഷയോടെ മലയാളികള്‍

Jaihind News Bureau
Monday, August 17, 2020

ഇന്ന് ചിങ്ങം ഒന്ന്. മലയാളിയുടെ പുതുവ‍ര്‍ഷ പിറവി. ആധിയും വ്യാധിയും നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും പൊന്നിൻ ചിങ്ങത്തെ പ്രതീക്ഷയോടെ വരവേൽക്കുകയാണ് കേരളക്കര. കെട്ട കാലത്തിന്‍റെ കരിമേഘം മൂടി നിൽക്കുമ്പോഴും പ്രതീക്ഷകളുടെ പോക്കുവെയിൽ തുണ്ടുകൾ വീണു കിടക്കുന്ന ഇടവഴിയിൽ പൊന്നിൻ ചിങ്ങം വിരുന്നു വിളിക്കുകയാണ്. കഴിഞ്ഞ രണ്ട് കൊല്ലവും പെരുമഴക്കാലമായിരുന്നു. ഈ വർഷം മാനം പെയ്തൊഴിഞ്ഞ് പോയിരിക്കുന്നു. പക്ഷേ പെട്ടിമുടിയുടെ കണ്ണുനീർ തോർന്നിട്ടില്ല. കരിപ്പൂരിന്‍റെ ആഘാതത്തിൽ നിന്ന് മലയാളി മുക്തരായിട്ടുമില്ല. കൊവിഡ് എന്ന മഹാമാരി മരണം വിതച്ച് നമുക്കിടയിൽ തന്നെയുണ്ട്.

കള്ളക്കര്‍ക്കിടകത്തിന്‍റെ താണ്ഡവം പൊന്നിൻ ചിങ്ങത്തിലും തുടരുന്നു. എങ്കിലും മലയാളി എന്നും ശുഭാപ്തി വിശ്വാസത്തിന്‍റെ പതാക വാഹകരാണ്. പൂവിളികൾ ഉയരുമ്പോൾ മനം തുടി കൊട്ടി പാടും. മാവേലി നാടിന്‍റെ നൻമ നിറഞ്ഞ നാളുകളെ കുറിച്ച്. ചിങ്ങം 1 കേരളക്കരക്ക് കര്‍ഷകദിനം കൂടിയാണ്. മണ്ണറിഞ്ഞ് ജീവിക്കുന്ന ഒരോ മലയാളിയിലും സന്തോഷം കൊണ്ട് വരുന്ന കാലം. ഓണ പുലരികളിലേക്കുള്ള കാത്തിരിപ്പാണ് ഇനി. ഒരുമയുടെ ഓട്ടുരുളിയിൽ കൂട്ടായ്മയുടെ വിഭവങ്ങൾ ഒരുക്കി നമുക്ക് നല്ല അയൽക്കാരാകാം. കൈകൾ കോർത്തു പിടിച്ച് നാടിനെ ചേർത്തു നിർത്തി ഐശ്വര്യത്തിന്‍റെ  പൂക്കളങ്ങൾ ഒരുക്കാം. അങ്ങനെ നന്മ നിറഞ്ഞ മനുഷ്യനാകാം, നല്ലൊരു മലയാളിയാകാം.