റഫേല്‍ ഇടപാടിലൂടെ കുപ്രസിദ്ധനായ അനില്‍ അംബാനി ചൈനീസ് ബാങ്കുകളില്‍ വരുത്തിയിരിക്കുന്നത് 14000 കോടിരൂപയുടെ കുടിശ്ശിക (2.1 ബില്യണ്‍ ഡോളര്‍). പണം തിരികെ ലഭിക്കാന്‍ അന്താരാഷ്ട്രതലത്തില്‍ നടപടികള്‍ക്ക് വിവിധ ബാങ്കുകള്‍ ഒരുങ്ങുന്നു. ചൈനയുടെ പൊതുമേഖല ബാങ്ക് ചൈന ഡെവലപ്‌മെന്റ് ബാങ്കിന് മാത്രം നല്‍കാനുള്ളത് 975 കോടിയിലധികമാണെന്നാണ് ബാങ്ക് അവകാശപ്പെടുന്നത്. ഇത് കൂടാതെ എക്‌സിം ബാങ്ക് ഓഫ് ചൈന, കോമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന തുടങ്ങിയവയിലും അനില്‍ അംബാനിയുടെ കമ്പനി കുടിശ്ശിക വരുത്തിയിട്ടുണ്ട്.
മൊത്തം 57,382 കോടി രൂപയുടെ വായ്പാ കുടിശ്ശികയാണ് തങ്ങള്‍ക്കുള്ളതെന്ന് അനില്‍ അംബാനി ഗ്രൂപ്പ് വ്യക്തമാക്കിട്ടിട്ടുണ്ട്. ഇന്ത്യയിലെയും ചൈനയിലെയും ബാങ്കുകള്‍ക്ക് പുറമെ റഷ്യന്‍ ബാങ്കായ വി ടി ബി ക്യാപിറ്റല്‍, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, ഡ്യൂയിഷ് ബാങ്ക്, ഡി ബി എസ് ബാങ്ക്, എമിറേറ്റ്സ് എന്‍ ബി ഡി ബാങ്ക് തുടങ്ങിയ വിദേശ ബാങ്കുകള്‍ക്കും പണം നല്‍കാനുണ്ട്. ഇതില്‍ വി ടി ബി ക്യാപിറ്റലിന് മാത്രം 511 കോടി രൂപയാണ് തിരിച്ചടക്കാനുള്ളത്. മൊത്തം ബാധ്യതയുടെ നാലിലൊന്ന് ചൈനീസ് ബാങ്കുകള്‍ക്കാണ് നല്‍കാനുള്ളത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 4910 കോടി രൂപയും എല്‍ ഐ സിക്ക് 4760 കോടിയും ബാങ്ക് ഓഫ് ബറോഡക്ക് 2700 കോടിയും മാഡിസണ്‍ പസഫിക് ട്രസ്റ്റിന് 2350 കോടി രൂപയും ആക്സിസ് ബാങ്കിന് 2090 കോടി രൂപയുമാണ് അനില്‍ അംബാനി കൊടുത്തു തീര്‍ക്കാനുള്ളത്. അതേസമയം, സുപ്രീം കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് എറിക്‌സണ്‍ എന്ന കമ്പനിക്ക് 550 കോടി രൂപ നല്‍കിയിരുന്നു. ഈ തുക മുകേഷ് അംബാനിയാണ് നല്‍കിയത്.