ന്യൂഡല്‍ഹി: 19ാം ഏഷ്യന്‍ ഗെയിംസിന് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള മൂന്ന് ഇന്ത്യന്‍ അത്ലറ്റുകളെ വിലക്കി ചൈന. ശക്തമായ പ്രതിഷേധവുമായി ഇന്ത്യ. ഇതെ തുടര്‍ന്ന് ഇന്ത്യയുടെ വാര്‍ത്താവിതരണ പ്രക്ഷേപണ, യുവജനകാര്യ, കായിക മന്ത്രി അനുരാഗ് താക്കൂര്‍ ചൈന സന്ദര്‍ശനം റദ്ദ് ചെയ്തു. ഇന്ത്യന്‍ വുഷു താരങ്ങളായ നെയ്മാന്‍ വാങ്സു, ഒനിലു ടെഗ, മെപുങ് ലാംഗു എന്നിവര്‍ക്ക് ചൈനയിലേക്കുള്ള പ്രവേശനം നിഷേധിച്ചത്.
”ഇന്ത്യന്‍ പൗരന്മാരെ പ്രദേശത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്തമായി പരിഗണിക്കുന്നത് ഇന്ത്യ അനുകൂലിക്കുന്നില്ലെന്നും ചൈനയുടെ ഈ നടപടി ഏഷ്യന്‍ ഗെയിംസിന്റെ ചൈതന്യവും നിയമങ്ങളും ലംഘിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു. വിലക്കിയ താരങ്ങളെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഹോസ്റ്റലിലേക്ക് കൊണ്ടു വരും. അതേസമയം മറ്റ് ഏഴ് കളിക്കാരും ജീവനക്കാരും ഉള്‍പ്പെടുന്ന ഇന്ത്യന്‍ വുഷു ടീമിലെ മറ്റ് അംഗങ്ങള്‍ ഹോങ്കോങ്ങിലേക്ക് പോയി. ചൈനയിലെ ഹാങ്ഷൂവിലാണ് ഇത്തവണ ഏഷ്യന്‍ ഗെയിംസ് അരങ്ങേറുന്നത്.