അമ്മയും ആണ്‍സുഹൃത്തും ലോഡ്ജില്‍ മുറിയെടുത്തത് കുഞ്ഞിനെ കൊല്ലാന്‍ ഉറപ്പിച്ച്; ഇരുവരും അടുപ്പത്തിലായത് ഇന്‍സ്റ്റാഗ്രാം വഴി

Jaihind Webdesk
Tuesday, December 5, 2023


കൊച്ചി എളമക്കരയിലെ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തില്‍ അമ്മയുടെ ആണ്‍സുഹൃത്തായ പ്രതി ഷാനിഫ് നേരത്തെയും കുഞ്ഞിനെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പോലീസ്. കുഞ്ഞിനെ നേരത്തെയും നിരന്തരം പ്രതി ഉപദ്രവിച്ചിരുന്നുവെന്നും പരിക്കുകളോടെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തതില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്. കുഞ്ഞിന്റെ വാരിയെല്ലിന് പരിക്കുപറ്റിയതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. പങ്കാളി അശ്വതിയെ മതം മാറ്റാന്‍ ഷാനിഫ് ശ്രമിച്ചിരുന്നുവെന്നും അപ്പോള്‍ കുഞ്ഞ് തടസമാകുമെന്ന് കരുതിയെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. കുഞ്ഞിനെ വേണ്ട എന്ന് അശ്വതിയോട് പ്രതി പറഞ്ഞിരുന്നുവെന്നും കുഞ്ഞിനെ കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും അശ്വതി വിവരം മറച്ചുവെച്ചത് കുറ്റമാണെന്നും പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം കുഞ്ഞിന്റെ മരണം ഉറപ്പാക്കാന്‍ പ്രതി ഷാനിഫ് കുഞ്ഞിന്റെ ശരീരത്തില്‍ കടിച്ചുവെന്ന് നേരത്തെ പ്രതി മൊഴി നല്‍കിയിരുന്നു. കടിച്ചപ്പോള്‍ കുഞ്ഞ് കരഞ്ഞില്ലെന്നും ഇതോടെ മരണം ഉറപ്പിക്കുകയായിരുന്നുവെന്നുമാണ് പ്രതി മൊഴി നല്‍കിയെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ, കുഞ്ഞിനെ ജനിച്ച അന്ന് തന്നെ കൊല്ലാന്‍ തീരുമാനിച്ചിരുന്നതായി പ്രതിയായ ഷാനിഫ് പൊലീസിന് മൊഴി നല്‍കി. ഒരു മാസത്തോളമായി അവസരത്തിനായി കാത്തിരുന്നുവെന്നും ലോഡ്ജില്‍ മുറി എടുത്തത് കൊല്ലാന്‍ ഉറപ്പിച്ചാണെന്നും ഷാനിഫ് പൊലീസിനോട് പറഞ്ഞു. സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാം വഴിയാണ് കുഞ്ഞിന്റെ അമ്മയും ഷാനിഫും അടുപ്പത്തിലായതെന്നും നേരത്തെ മറ്റൊരാളുമായി അടുപ്പത്തിലായിരുന്ന അമ്മ അശ്വതി 4 മാസം ഗര്‍ഭിണി ആയിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

കുഞ്ഞിന്റെ പേരില്‍ അശ്വതിയും പങ്കാളി ഷാനിഫും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ താന്‍ ഉറങ്ങുകയായിരുന്നുവെന്നും കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് അശ്വതിയുടെ മൊഴി. എന്നാലിത് പൊലീസ് വിശ്വസിച്ചിട്ടില്ല.കൊലപാതകത്തില്‍ ഷാനിഫിനൊപ്പം കുഞ്ഞിന്റെ അമ്മയ്ക്കും പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചത്.ഞായറാഴ്ച രാവിലെ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകള്‍ കണ്ട ഡോക്ടര്‍ സംശയത്തെ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു.തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകമെന്ന വിവരം പുറത്തറിയുന്നത്. ഉടന്‍ അമ്മയെയും പങ്കാളിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചതെന്നാണ് പ്രാഥമിക വിവരം.