കോഴിക്കോട് : നരിക്കുനിയിൽ വിഷബാധയേറ്റ് കുട്ടി മരിച്ച സംഭവത്തിൽ കിണർ വെള്ളത്തിൽ കോളറ ബാക്റ്റീരിയയെന്ന് കണ്ടെത്തൽ. വധുവിന്‍റെയും വരന്‍റെയും വീട്ടിലെ വെള്ളത്തിൽ വിബ്രിയോ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഒരാഴ്ച മുമ്പാണ് കോഴിക്കോട് നരിക്കുനിയിൽ വിഷബാധയേറ്റ് രണ്ടര വയസുകാരൻ മരണപ്പെട്ടത്. കല്യാണ വിരുന്നിനിടെ സംഭവിച്ച ഭക്ഷ്യവിഷബാധ എന്നായിരുന്നു നിഗമനം. ഇതേത്തുടർന്ന് ആരോഗ്യവകുപ്പ് കർശനമായ പരിശോധനകൾ നടത്തി. വധുവിനെയും വരനെയും വീടുകളിലെ ഭക്ഷണവും കുടിവെള്ളം ഉൾപ്പെടെയുള്ളവ പരിശോധനയ്ക്കായി അയച്ചിരുന്നു. ഈ പരിശോധനാഫലം ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വധുവിന്‍റെയും വരന്‍റെയും വീട്ടിലെയും ഒരു കേറ്ററിംഗ് സ്ഥാപനത്തിലെയും വെള്ളത്തില്‍ വിബ്രിയോ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. എന്നാല്‍ ഭക്ഷ്യവിഷബാധയുണ്ടായി മരിച്ച കുട്ടിക്കും ചികിത്സയിലുണ്ടായിരുന്നവര്‍ക്കും കോളറയുടെ ലക്ഷണങ്ങളൊന്നും ഇല്ല. അതിനാല്‍ ഭയക്കേണ്ടതില്ല എന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ഒരാഴ്ച മുൻപായിരുന്നു വിവാഹവീട്ടില്‍ നിന്ന് രണ്ടര വയസുകാരനടക്കം 11 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. കാക്കൂര്‍, നരിക്കുനി, താമരശേരി പഞ്ചായത്തുകളിലെ കിണറുകളിലെ വെള്ളമാണ് പരിശോധിച്ചത്. കുട്ടി മരിച്ച കുണ്ടായി പ്രദേശം ആരോഗ്യവകുപ്പ് അധികൃതര്‍ ക്ലോറിനേഷനും സൂപ്പര്‍ ക്ലോറിനേഷനും നടത്തി. കാക്കൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ ഭക്ഷണവിതരണ കേന്ദ്രത്തില്‍നിന്നായിരുന്നു വിവാഹവീട്ടിലേക്കുള്ള ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തത്. ഭക്ഷ്യസുരക്ഷാ വകുപ്പ് അന്നുതന്നെ കട അടപ്പിക്കുകയും വെള്ളത്തിന്റെ സാമ്പിൾ പരിശോധനക്കെടുക്കുകയും ചെയ്തിരുന്നു.