പാലക്കാട്: പാതി വിലതട്ടിപ്പെന്ന പകൽക്കൊള്ളയുടെ ചിറ്റൂരിലെ തലവൻ മന്ത്രി കെ.കൃഷ്ണൻകുട്ടിയാണെന്ന് ഡിസിസി വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ ആരോപിച്ചു. “മന്ത്രിയുടെ ഓഫീസിലെത്തി അദ്ദേഹത്തെ കണ്ട് സംസാരിച്ചതിനു ശേഷമാണ് തട്ടിപ്പിനിരയായവർ പണം നൽകിയതെന്ന് ഇതിനകം പകൽ പോലെ തെളിഞ്ഞിരിക്കുകയാണ്. മന്ത്രിയുടെ അറിവും സമ്മതവുമില്ലാതെ അദ്ദേഹത്തിൻ്റെ ഓഫീസിൽ മാസങ്ങളായി പണമിടപാട് നടത്താൻ കഴിയുമെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്. കെ.കൃഷ്ണൻകുട്ടിയുടെ സന്തത സഹചാരിയും മനസാക്ഷി സൂക്ഷിപ്പുകാരനും അസി. പ്രൈവറ്റ് സെക്രട്ടറിയുമായ കെ.പ്രേം കുമാറിനെയാണ് പണമിടപാടു നടത്താൻ ഏൽപ്പിച്ചത്. പാതി വില തട്ടിപ്പിന് ഇടനിലയ്ക്കായി ഒരു സംഘടന വേണമെന്നതിനാൽ ചിറ്റൂർ സോഷ്യോ ഇക്കണോമിക് എൻവിറോൺമെൻ്റൽ ഡവലപ്പ്മെൻ്റ് സൊസൈറ്റി എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു. എന്നാൽ പൊതുപ്രവർത്തനത്തിനപ്പുറം സാമ്പത്തികമായിരുന്നു ലക്ഷ്യമെന്നതിനാൽ പാർട്ടി ഓഫീസിൻ്റെ വിലാസം നൽകാതെ സ്വന്തം വീടിൻ്റെ വിലാസമാണ് കെ.പ്രേംകുമാർ സംഘടനയുടെ ആസ്ഥാനമാക്കിയത്. ചിറ്റൂർ അമ്പാട്ട് ലൈനിലെ 7/ 366 ‘നന്ദനം’ എന്ന വീടാണ് സാമൂഹിക സംഘടനയുടെ ഔദ്യോഗിക വിലാസം. ഇത്രയും ആസൂത്രണത്തോടെ തട്ടിപ്പ് നടത്തിയിട്ട് ഇരകളോട് ‘നിങ്ങൾ ആർത്തിപൂണ്ടല്ലേ പണം നൽകിയത് ‘ എന്ന മന്ത്രിയുടെ ആക്രോശം പണം നഷ്ടമായ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വിശ്വാസ വഞ്ചന കാണിച്ചതിലൂടെ സത്യപ്രതിഞ്ജ ലംഘനമാണ് മന്ത്രി പ്രവർത്തിച്ചത്. തട്ടിപ്പിൽ മന്ത്രിയുടെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ പദവി രാജിവെക്കാനുള്ള മാന്യത കെ.കൃഷ്ണൻകുട്ടി കാണിക്കണം. എം.എൽ.എ. സ്ഥാനം അടക്കം രാജിവെച്ച് അന്വേഷണം നേരിടാൻ മന്ത്രി തയ്യാറാകണം. കെ.കൃഷ്ണൻകുട്ടിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി പ്രേംകുമാറിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്താൽ തട്ടിപ്പിൻ്റെ മുഴുവൻ വിവരങ്ങളും പുറത്തു വരു”മെന്ന് സുമേഷ് അച്യുതൻ പറഞ്ഞു .
അതോടൊപ്പം പ്രേംകുമാറിൻ്റെയും ചിറ്റൂർ സോഷ്യോ ഇക്കണോമിക് എൻവിറോൺമെൻ്റൽ ഡവലപ്പ്മെൻ്റ് സൊസൈറ്റിയുടെയും മുഴുവൻ ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ച് ഇരകൾക്കു നഷ്ടമായ തുക തിരിച്ചു നൽകണം. ബി.ജെ.പി.യുടെ ഘടക കക്ഷിയായ ജനതാദൾ നേതാക്കളുടെ അഴിമതി കേന്ദ്ര ഏജൻസികളുടെ അന്വേഷണം കൊണ്ട് പുറത്തു വരില്ലെന്നതിനാൽ ജുഡീഷ്യൽ അന്വേഷണത്തിനു സർക്കാർ ഉത്തരവിടണമെന്നും സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു.