VD SATHEESAN| ‘മുഖ്യമന്ത്രിയുടെ പ്രസ്താവന ശുദ്ധ തട്ടിപ്പ്’; സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പച്ചനുണകളുടെ സമാഹാരമെന്നും വി.ഡി സതീശന്‍

Jaihind News Bureau
Saturday, November 1, 2025

സര്‍ക്കാര്‍ തന്നെ നിയമസഭാ സമ്മേളനങ്ങള്‍ പ്രഹസനമാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പച്ചനുണകളുടെ സമാഹാരമാണ് സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍. ഒരു ചര്‍ച്ചയും ഇല്ലാതെ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പ്രസ്താവന വായിക്കുന്നു. ഇന്ന് രാവിലെ എല്ലാ പത്രങ്ങളിലും പരസ്യം നല്‍കിയ ഒരു കാര്യം മുഖ്യമന്ത്രി ഇനി സഭയില്‍ പ്രസ്താവന നടത്തി വിശദീകരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അതിനാലാണ് സഭാ നടപടികളുമായി സഹകരിക്കാതെ ബഹിഷ്‌കരിച്ചതെന്നും അദ്ദേഹം സഭാകവാടത്തിനു മുന്നില്‍ നിന്നും മാധ്യമങ്ങളോട് വ്യക്തമാക്കി.

പട്ടിണി മരണം തുടരുമ്പോഴാണ് സര്‍ക്കാരിന്റെ കാപട്യം. കോടിക്കണക്കിന് രൂപ കൊടുത്ത് പരസ്യം നടത്തി. മുഖ്യമന്ത്രിയുടെ പ്രസ്താവന ശുദ്ധ തട്ടിപ്പാണെന്നും പച്ച നുണകളുടെ കൂടാരമാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പ്രഖ്യാപിച്ച കണക്കുകളില്‍ വലിയ അന്തരമുണ്ട്. കേന്ദ്രം കണ്ടെത്തിയിരിക്കുന്ന കണക്കില്‍ അഞ്ചര ലക്ഷം പേരാണുള്ളത്. സിപിഎം കണ്ടെത്തിയതില്‍ തന്നെ 5 ലക്ഷത്തിലേറെപ്പേരുണ്ട്. പട്ടിണി മരണം തുടരുമ്പോഴാണ് സര്‍ക്കാരിന്റെ ഈ കാപട്യം. ഈ പ്രഖ്യാപനം കൊണ്ട് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള പല പദ്ധതികളില്‍ നിന്ന് കേരളം പുറത്താകും. തിരഞ്ഞെടുപ്പിന്റെ തൊട്ട് തലേന്ന് സര്‍ക്കാര്‍ നടത്തുന്ന പിആര്‍ പ്രോപ്പഗണ്ടയാണ് ഈ പ്രഖ്യാപനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.