‘മുഖ്യമന്ത്രിയുടെയും മോദിയുടെയും പ്രസംഗം ഒരുപോലെ’; മന്ത്രിമാർ പ്രചാരണരംഗത്തില്ലാത്തത് ഭരണവിരുദ്ധ വികാരം കാരണമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Friday, April 19, 2024

 

കോഴിക്കോട്: എൽഡിഎഫിന് വേണ്ടി പ്രചാരണം നടത്താൻ മന്ത്രിമാര്‍ ആരും ഇറങ്ങുന്നില്ലെന്ന് മുഖ്യമന്ത്രി മാത്രമാണുള്ളതെന്നും യുഡിഎഫ് പ്രചാരണസമിതി ചെയർമാന്‍ രമേശ് ചെന്നിത്തല. മന്ത്രിമാർ പ്രചാരണ രംഗത്തും പൊതുവേദികളിലും വരാത്തതിന് കാരണം ഭരണ വിരുദ്ധ വികാരമാണെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

കോൺഗ്രസ് മുക്ത ഭാരതം ആഗ്രഹിക്കുന്ന രണ്ടുപേരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും. രണ്ടുപേരുടെയും ലക്ഷ്യം കോൺഗ്രസിനെ ഇല്ലാതാക്കുക എന്നതാണ്. മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടാൽ മോദി പ്രസംഗിക്കുന്നതാണോയെന്ന് തോന്നുമെന്ന് അദ്ദേഹം പരിഹസിച്ചു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റിൽ കൂടുതൽ നേടുമെന്ന് കള്ള പ്രചാരണം നടത്തുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധിയെ വിമർശിക്കാൻ മാത്രമേ നരേന്ദ്ര മോദിക്ക് സമയമുള്ളൂ. ഭരണനേട്ടങ്ങളെക്കുറിച്ചൊന്നും സംസാരിക്കാൻ അദ്ദേഹത്തിന് സമയമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സൈബർ മേഖലയിൽ ഒരുപാട് അധിക്ഷേപത്തിന് വിധേയനായ വ്യക്തിയാണ് താൻ. അതുപോലെ തന്നെ നിരവധി മാധ്യമപ്രവർത്തകർക്കെതിരെയും സൈബർ ആക്രമണം ഉണ്ടായിട്ടുണ്ട്. ആ സമയത്തൊന്നും ആരും പ്രതികരിച്ചിട്ടില്ല. വടകരയിൽ എൽഡിഎഫിന് പരാജയം ഉറപ്പായതോടെയാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. മതേതര വിശ്വാസികളായ കേരളത്തിലെ ജനങ്ങൾ ബിജെപിയെ കേരളത്തിൽ തുറക്കാൻ അനുവദിക്കില്ലെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.