എഡിജിപിയ്ക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക കരുതല്‍; അജിത് കുമാറിനെ മാറ്റില്ല, നടപടി അന്വേഷണ റിപ്പോര്‍ട്ടിന് ശേഷമെന്ന് മുഖ്യമന്ത്രി

Saturday, September 21, 2024

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെ കൈവിടാതെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. എം ആര്‍ അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നിലവില്‍ മാറ്റില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നടപടി അന്വേഷണ റിപ്പോര്‍ട്ടിന് ശേഷമായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊലീസ് സേനയുടെ മനോവീര്യം തകര്‍ക്കുന്ന നിലപാടുകള്‍ അംഗീകരിക്കാനാകില്ല. അജിത്തിനെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. അതിന് ശേഷം നടപടി ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ആരോപണങ്ങള്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസമായിട്ടുണ്ടെങ്കിലോ ബാധിച്ചിട്ടുണ്ടെങ്കിലോ നടപടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിക്ക് വേണ്ടി ആര്‍എസ്എസ് നേതാക്കളെ അജിത്കുമാര്‍ എന്നതടക്കമുള്ള ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അത് പൂര്‍ണമായും തള്ളുകയായിരുന്നു. മാത്രവുമല്ല സിപിഐ അടക്കമുള്ള ഘടകകക്ഷികളും, പി.വി അന്‍വര്‍ എംഎല്‍യും അജിത്കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതെല്ലാം തള്ളിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രതികരണം