മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം മതസൗഹാർദ്ദം തകർക്കുന്നത്; വയനാട് ദുരന്തത്തിൽ കേന്ദ്രത്തിന്‍റേത് ചിറ്റമ്മനയം, സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തുന്നില്ലെന്ന് കെ.സി. വേണുഗോപാൽ

Jaihind Webdesk
Saturday, October 5, 2024

 

ആലപ്പുഴ: ദി ഹിന്ദു ദിനപ്പത്രത്തിൽ മുഖ്യമന്ത്രി അഭിമുഖത്തിൽ നടത്തിയത് ഏറ്റവും വേദനയുണ്ടാക്കുന്ന പരാമർശമെന്ന് കെ.സി. വേണുഗോപാൽ എംപി. മതസൗഹാർദ്ദം തകർക്കുന്ന പ്രസ്താവനയാണിത്. അത് നടത്തിയിട്ട് 24 മണിക്കൂർ മുഖ്യമന്ത്രി മിണ്ടിയില്ല. അഭിമുഖം തെറ്റാണെങ്കിൽ അത് പ്രസിദ്ധീകരിക്കപ്പെട്ട ഉടൻ തിരുത്തണ്ടേ? അമളി പറ്റിയാൽ ധൈര്യമായി തിരുത്തണം. അല്ലെങ്കിൽ പിആർ ഏജൻസി ഉണ്ടെങ്കിൽ അത് ഉണ്ടെന്ന് തുറന്ന് പറയുകയാണ് വേണ്ടതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

നിലപാട് അബദ്ധമെന്ന് മനസ്സിലായപ്പോഴാണ് മുഖ്യമന്ത്രി തിരുത്തിയത്. ഇങ്ങനെ ചിരിച്ച് കൊണ്ട് ലാഘവത്തോടെയാണോ വിഷയം കൈകാര്യം ചെയ്യേണ്ടത്? മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാവൂ എന്നും കെ.സി ആവശ്യപ്പെട്ടു.

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർഥി നിർണയം ഉണ്ടാകും. വയനാട് ദുരന്തത്തിൽ കേന്ദ്രം എന്തുകൊണ്ട് ചിറ്റമ്മനയം സ്വീകരിക്കുന്നുവെന്ന് മനസ്സിലാവുന്നില്ല. ഇത്ര വലിയ ദുരന്തം നടന്നിട്ടും കേന്ദ്രം സഹായം നൽകിയില്ല. നടന്നത് സമാനതകൾ ഇല്ലാത്ത ദുരിതമാണ്. സംസ്ഥാന സർക്കാർ ശക്തമായ സമ്മർദ്ദം ചെലുത്തുന്നില്ല. സഹായം സംസ്ഥാന സർക്കാർ വാങ്ങിയെടുക്കണം. ഇത് വളരെ ഗൗരവമായി അവതരിപ്പിക്കേണ്ട വിഷയമാണ്. ജനങ്ങൾക്ക് വലിയ ആശങ്ക ഉണ്ട്. ഇങ്ങനെ ആണോ ഇതൊക്കെ കൈകാര്യം ചെയ്യേണ്ടതെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു.