PINARAYI VIJAYAN| ആറന്മുള വിവാദ പദ്ധതി വിടാതെ മുഖ്യമന്ത്രയുടെ ഐടി വകുപ്പ്; പദ്ധതിക്ക് പിന്നിലെന്ത്?

Jaihind News Bureau
Monday, July 7, 2025

ആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമിയില്‍ ഐടി പാര്‍ക്കും ഇന്റഗ്രേറ്റഡ് ബിസിനസ് ടൗണ്‍ഷിപ്പും നിര്‍മിക്കാനുള്ള വിവാദപദ്ധതി ഒഴിവാക്കാന്‍ തയാറാകാതെ മുഖ്യമന്ത്രിക്ക് കീഴിലുള്ള ഐടി വകുപ്പ്. തണ്ണീര്‍ത്തട സംരക്ഷണനിയമം ലംഘിച്ചുള്ള പദ്ധതിയാണിത് അതിന് അനുമതി നല്‍കാനാകില്ലെന്ന് കൃഷി, റവന്യൂ വകുപ്പുകള്‍ നിലപാടെടുത്തിരുന്നു. സിപിഐയുടെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗം കൂടിയായിരുന്നു ഇത്.

പദ്ധതി വിവാദമായതോടെ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് എല്ലാവകുപ്പ് മേധാവികളുടെയും യോഗം വിളിച്ചിരുന്നു. പദ്ധതിയുടെ അപേക്ഷ നിരസിക്കാനും അതിനുള്ള ഉത്തരവിറക്കാനുമാണ് ഈ യോഗം വിളിച്ചത്. എന്നാല്‍, അത് അംഗീകരിക്കാതെയാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള ഭൂമിയുടെ സാധ്യത പരിശോധിക്കാന്‍ ഐടി വകുപ്പ് പത്തനംതിട്ട കളക്ടര്‍ക്ക് കത്ത് നല്‍കിയത്. പദ്ധതിയെ കുറിച്ച് അറിവില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ യോഗത്തിനുമുമ്പ് മുഖ്യമന്ത്രി പ്രതികരണം.

എന്തായാലും ഐടി വകുപ്പിന്റെ ഇപ്പോഴത്തെ നടപടി മുഖ്യമന്ത്രിയുടെ കൂടി അറിവോടെയാണെന്ന് ഉറപ്പാണ്. ഇപ്പോഴും അവകാശത്തെ ചൊല്ലി തര്‍ക്കം നടക്കുന്ന ഭൂമിയാണെന്നുള്ളതായിരുന്നു മറ്റൊരു വിവാദം. കരഭൂമി എത്രയാണെന്നും 2018-ന് മുന്‍പ് നികത്തിയ നെല്‍പ്പാടം എത്രയാണെന്നതുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.