നവകേരള മർദ്ദനം: മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ചോദ്യം ചെയ്യലിന് ഹാജരാവില്ല; ഇന്നും സഭയില്‍

Jaihind Webdesk
Monday, January 29, 2024

 

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഗൺമാൻ ചോദ്യം ചെയ്യലിന് ഹാജരാകില്ല.  മുഖ്യമന്ത്രിക്കൊപ്പം ഗണ്‍മാന്‍ അനില്‍കുമാർ ഇന്നും സഭയിലെത്തി. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നൽകിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് എത്തില്ലെന്ന് ഗൺമാൻ ഇ-മെയില്‍ വഴി അറിയിക്കുകയായിരുന്നു.

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ കേസിലെ പ്രതിയാണ് അനില്‍കുമാർ. ഇയാള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കള്‍ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകിയിരുന്നു. കോടതി നിർദ്ദേശത്തെ തുടർന്നാണ് ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയാറായത്. മർദ്ദനം കഴിഞ്ഞ് 44 ദിവസം പിന്നിടുമ്പോഴും അന്വേഷണത്തോട് സഹകരിക്കാതെ നിൽക്കുകയാണ് അനിൽകുമാർ.