മുഖ്യമന്ത്രിയുടെ മകള്‍ സ്വകാര്യ കമ്പനിയില്‍ നിന്ന് മാസപ്പടിയായി ഭീമമായ തുക കൈപ്പറ്റി; നിയമവിരുദ്ധ ഇടപാടില്‍ കുരുക്ക്

Jaihind Webdesk
Wednesday, August 9, 2023

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) എന്ന സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചതായി ആദായനികുതി തർക്കപരിഹാര ബോർഡ് കണ്ടെത്തി. പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്നും നിയമവിരുദ്ധ ഇടപാടാണെന്നുമാണ് ആദായനികുതി ഇന്‍റേരിം സെറ്റിൽമെന്‍റ് ബോർഡിന്‍റെ ന്യൂഡൽഹി ബെഞ്ച് കണ്ടെത്തിയത്.
യാതൊരു സേവനവും നൽകാതെയാണ് വീണയും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷ്യൻസും
സിഎംആർഎല്ലില്‍ നിന്നും ഈ പണം കൈപ്പറ്റിയതെന്നും ആദായനികുതി തർക്കപരിഹാര ബോർഡിന്‍റെ അന്തിമ തീർപ്പ് കല്‍പ്പിക്കലിൽ വ്യക്തമാക്കിയിട്ടുണ്ട്.

2019 ജനുവരി 25ന് സിഎംആർഎല്ലിന്‍റെ ഓഫീസിലും ഫാക്ടറിയിലും എംഡിയുടെയും പ്രധാന ഉദ്യോഗസ്ഥരുടെയും വീടുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.എസ്. സുരേഷ് കുമാറിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിലാണു സിഎംആർഎല്ലും വീണയും, വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കും തമ്മിൽ ഉണ്ടാക്കിയ കരാറുകളുടെ രേഖ കണ്ടെത്തിയത്. ഐ.ടി., മാർക്കറ്റിംഗ് കൺസള്‍ട്ടൻസി, സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകാമെന്ന വീണയുടെ കമ്പനിയുടെ 2016-ലെ കരാറാണ് കണ്ടെത്തിയത്. എന്നാൽ
സേവനങ്ങൾ ഒന്നും നൽകിയിരുന്നില്ലെങ്കിലും കരാർ പ്രകാരം മാസംതോറും പണം നൽകിയെന്ന് സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്താ ആദായനികുതി വകുപ്പിനു രേഖാമൂലം മൊഴി നൽകിയിരുന്നു. ഇതോടെ 2017-20 കാലയളവിൽ മൊത്തം 1.72 കോടി രൂപ വീണയ്ക്കും എക്സാലോജിക്കിനുമായി ലഭി ച്ചെന്നും ഇതു നിയമവിരുദ്ധ പണമിടപാടാണെന്നും ആദായനികുതി വകുപ്പ് തർക്ക പരിഹാര ബോർഡിൽ വാദിച്ചു. ഈ മൊഴി തിരുത്താൻ കർത്താ ശ്രമിച്ചിരുന്നെങ്കിലും ഇത് ബോർഡ് അംഗീകരിച്ചില്ല. തുടർന്ന് ലഭിക്കാതിരുന്ന സേവനങ്ങൾക്കാണ് പണം നൽകിയതെന്ന് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കാൻ ആദായനികുതി വകുപ്പിനു കഴിഞ്ഞതായി ബോർഡു കണ്ടെത്തി.

സിഎംആർഎല്ലും ശശിധരൻ കർത്തായും 2020 നവംബറിൽ നൽകിയ സെറ്റിൽമെന്‍റ് അപേക്ഷയിലാണ് കഴിഞ്ഞ ജൂൺ 12നു ബോർഡ് അന്തിമ കണ്ടെത്തൽ നടത്തി ഉത്തരവിട്ടത്. ഈ ഉത്തരവിലാണ് വീണാ വിജയനും കമ്പനിയും പ്രതിക്കൂട്ടിൽ ആയിരിക്കുന്നത്. നേരത്തെ തന്നെ ഒട്ടനവധി വിവാദ ഇടപാടുകളിൽ വീണയുടെ കമ്പനി പ്രതിക്കൂട്ടിലായിരുന്നു. ഇതിനിടയിലാണ് പുതിയ തെളിവുകൾ കൂടി പുറത്തുവന്നിരിക്കുന്നത്. ആദായനികുതി തർക്ക പരിഹാര ബോർഡിന്‍റെ കണ്ടെത്തൽ മുഖ്യമന്ത്രിയുടെ മകളെ കൂടുതൽ കുരുക്കിലാക്കുകയാണ്.