മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്ന് ഇന്ന്; ഗവർണർക്ക് ക്ഷണമില്ല

Jaihind Webdesk
Wednesday, January 3, 2024

 

തിരുവനന്തപുരം: ഗവർണർക്ക് ക്ഷണമില്ലാതെ മുഖ്യമന്ത്രിയുടെ ക്രിസ്മസ് പുതുവത്സര വിരുന്ന് ഇന്ന് നടക്കും. തലസ്ഥാനത്ത് ഉണ്ടായിട്ടും ഗവർണറെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല. സജി ചെറിയാൻ പ്രസ്താവന തിരുത്തിയ പശ്ചാത്തലത്തിൽ കെ സിബിസി പ്രതിനിധികൾ വിരുന്നിൽ പങ്കെടുക്കും. എന്നാൽ ലത്തീൻ കത്തോലിക്കാ അതിരൂപത പ്രതിനിധികൾ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

വിഴിഞ്ഞം ഉൾപ്പെടെ ഒട്ടനവധി വിഷയങ്ങളിൽ സർക്കാരുമായി അഭിപ്രായ ഭിന്നതയിൽ നിൽക്കുന്ന ലത്തീൻ കത്തോലിക്ക അതിരൂപത നവകേരള സദസുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്നു വിട്ടു നിന്നിരുന്നു. പ്രതിപക്ഷ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിലും അന്തിമ തീരുമാനമായില്ല. ഉച്ചയ്ക്ക് 12 മണിക്ക് മാസ്കോട്ട് ഹോട്ടലിലാണ് മുഖ്യമന്ത്രിയുടെ വിരുന്ന് സൽക്കാരം.

ഏതാനും ദിവസം മുമ്പ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് ഗവർണർ ഒരുക്കിയ സത്കാരത്തില്‍ മുഖ്യമന്ത്രിയും ഭൂരിപക്ഷം മന്ത്രിമാരും പങ്കെടുത്തിരുന്നില്ല. പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ഗണേഷ് കുമാറിനും രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും പുറമെ എ.കെ. ശശീന്ദ്രന്‍ മാത്രമായിരുന്നു ഗവർണറുടെ ചായ സത്കാരത്തില്‍ പങ്കെടുത്തത്.