മൗനംവെടിയാന്‍ മുഖ്യമന്ത്രി; വിവാദങ്ങളില്‍ മറുപടിയുണ്ടാകുമോ അതോ പതിവ്‌ പോലെ എഴുതി വായിക്കുമോ?

Jaihind Webdesk
Saturday, September 21, 2024

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദച്ചൂടില്‍ വെന്തുരുകുകയാണ് ഇടത് സര്‍ക്കാര്‍. തൃശൂര്‍ പൂരം കലക്കിയതും, അന്വേഷണം അട്ടിമറിച്ചതും, ആഭ്യന്തര വകുപ്പിനെതിരെയുള്ള പി.വി അന്‍വറിന്റെ ആരോപണങ്ങളു പുറത്തുവന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുമായി ബന്ധപ്പെട്ട് ഒരക്ഷരം മിണ്ടിയിട്ടില്ല. തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ ഒടുവില്‍ മറുപടി പറഞ്ഞത് ഏപ്രില്‍ 23 നാണ്. കൃത്യമായി പറഞ്ഞാല്‍ 5 മാസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി വിഷയത്തില്‍ മറുപടി പറയാന്‍ മാധ്യമങ്ങളെ കാണുന്നത്.

ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറിനെതിരെ ഘടകകക്ഷിയായ സിപിഐ രംഗത്ത് ഇറങ്ങിയിരിക്കെ മുഖ്യമന്ത്രിയുടെ പ്രതികരണം നിര്‍ണായകമാകും. അന്‍വറിന്റെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം തുടരുന്നു എന്ന ചോദ്യം ഉയര്‍ന്നിരുന്നു. പി.വി.അന്‍വര്‍ ആഭ്യന്തരവകുപ്പിന് എതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും വലിയ ക്ഷീണമുണ്ടാക്കി എന്ന വിലയിരുത്തലുമുണ്ട്. ഇതിനെല്ലാമുള്ള മറുപടിയാകും മുഖ്യമന്ത്രി ഇന്ന് നല്‍കുക.

അതേസമയം തൃശൂര്‍ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് എഡിജിപി അജിത് കുമാര്‍ ഇന്നോ നാളെയോ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയേക്കും. പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിട്ടില്ലെന്ന് വിവരാവകാശപ്രകാരം മറുപടി നല്‍കിയ പോലീസ് ആസ്ഥാനത്തെ ഡിവൈഎസ്പിക്ക് എതിരെ ഇന്നലെ അച്ചടക്ക നടപടി എടുത്തിട്ടുണ്ട്. അന്വേഷണ വിധേയമായി എം.എസ്.സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

എന്തായാലും 5 മാസങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി പ്രസ്തുത വിഷയത്തില്‍ മറുപടി പറയാനെത്തുമ്പോള്‍ വിവാദങ്ങളില്‍ മറുപടിയുണ്ടാകുമോ അതോ പതിവുപോലെ എഴുതിക്കൊണ്ടുവന്നത് വായിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. രാവിലെ 11 മണിക്കാണ് വാര്‍ത്താസമ്മേളനം